കേരളത്തില്‍ കൊറോണ ബാധിതരുടെ എണ്ണം 24 ആയി

കേരളത്തില്‍ ഇന്ന് മൂന്നു പേരില്‍ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിലെ കോവിഡ് 19 ബാധിതരുടെ എണ്ണം 24 ആയി. മലപ്പുറം, കാസര്‍കോട് സ്വദേശികളിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ മുതിര്‍ന്ന മുപ്പത് ഡോക്ടര്‍മാരോട് അവധിയില്‍ പ്രവേശിക്കാന്‍ പറഞ്ഞു. കൂടാതെ റേഡിയോളജി ലാബുകളും അടച്ചിടാന്‍ നിര്‍ദേശിച്ചു. അടിയന്തര പ്രാധാന്യമില്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റാന്‍ നിര്‍ദേശം. പഠനത്തിനായി സ്‌പെയിനില്‍ പോയി തിരിച്ചെത്തിയ ഡോക്ടറിലാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മാര്‍ച്ച് രണ്ടു മുതല്‍ ഇദ്ദേഹം ആശുപത്രിയിലെത്തിയിരുന്നു. രോഗബാധയുണ്ടെന്നറിയാതെ ഡോക്ടര്‍ രോഗികളെ പരിശോധിച്ചിരുന്നു.

സംസ്ഥാനത്ത് ഇതോടെ 12,470 പേര്‍ നിരീക്ഷണത്തിലും 270 പേര്‍ ആശുപത്രിയിലുമാണ്. ഇന്ന് 72 പേരെ കൂടി പുതിയതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.