പെട്രോള്‍ വില വര്‍ധന ; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ഗാന്ധി
പെട്രോള്‍ ഡീസല്‍ തീരുവ കൂട്ടിയ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ധനമന്ത്രി നിര്‍മ്മാലാ സീതാരാമാനും എതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയില്‍ വന്‍ കുറവ് ഉണ്ടായതിന്റെ നേട്ടം പൊതു ജനങ്ങള്‍ക്ക് നല്‍കണം എന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. ഈ ഉപദേശം ശ്രദ്ധിക്കുന്നതിന് പകരം നമ്മുടെ പ്രതിഭ ഇന്ധനത്തിന്റെ എക്‌സൈസ് തീരുവ കൂട്ടി . ഇന്ധന വില സംബന്ധിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഒഴിഞ്ഞ് മാറുന്നതിന്റെ വീഡിയോയും രാഹുല്‍ ഉള്‍പെടുത്തിയിട്ടുണ്ട്.
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കൂടുന്നതിന് അനുസൃതമായി ഇന്ധനവില വര്‍ധിപ്പിച്ചിരുന്ന ഇന്ത്യയില്‍ എണ്ണ വിലയില്‍ കുറവുണ്ടായിട്ടും ഇന്ധന വിലയില്‍ കുറവ് വരുത്തിയില്ല.ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.ഈ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി തന്റെ ട്വീറ്റിലൂടെ പരിഹാസവുമായി രംഗത്ത് വന്നിരിക്കുന്നത്. ഗള്‍ഫ് യുദ്ധകാലത്തിന്റെ സമാനമായ തരത്തിലാണ് ലോക വിപണിയില്‍ പെട്രോള്‍ വില കൂപ്പുകുത്തിയത്. എന്നാല്‍ അതേസമയം ഇന്ത്യയില്‍ പെട്രോള്‍ വില കുറയ്ക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ തീരുവ കൂട്ടി അധികലാഭം കൊയ്യാന്‍ ആണ് ശ്രമിക്കുന്നത്.