രാഹുല്‍ ഗാന്ധിക്ക് ലഖ്‌നൗ കോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവും വയനാട് എം.പി.യുമായ രാഹുല്‍ ഗാന്ധിക്ക് ലഖ്‌നൗ കോടതിയുടെ നോട്ടീസ്. അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡേ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. കഴിഞ്ഞ വര്‍ഷം നടന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ സവര്‍ക്കര്‍ക്കെതിരേ സംസാരിച്ചിരുന്നു. ഇത് മുന്‍നിര്‍ത്തിയാണ് സെഷന്‍സ് കോടതി നോട്ടീസ് അയച്ചത്.

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുലിനെന്താണ് പറയാനുള്ളത് എന്ന് ആരാഞ്ഞുകൊണ്ടാണ് നോട്ടീസ്. രാഹുല്‍ ഗാന്ധിയുടെ അഭിഭാഷക സംഘം ഈ നോട്ടീസിന് മറുപടി നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തേ പരാതിക്കാരനായ പാണ്ഡെ എ.സി.ജെ.എം. കോടതിയില്‍ സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുലിനെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.

സവര്‍ക്കര്‍ക്കെതിരേ രാഹുല്‍ ഗാന്ധി പല വേദികളില്‍വെച്ച് പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. മാപ്പു പറയാന്‍ താന്‍ സവര്‍ക്കറല്ല, ബ്രിട്ടീഷുകാരില്‍നിന്ന് പണം വാങ്ങി തുടങ്ങി രാഹുല്‍ പലതവണ സവര്‍ക്കര്‍ക്കെതിരേ പറഞ്ഞിട്ടുണ്ടായിരുന്നു. ഇത് സവര്‍ക്കറെ അപമാനിക്കുന്നതാണെന്ന് കുടുംബാംഗങ്ങള്‍ തന്നെ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് പലയിടങ്ങളില്‍ രാഹുലിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.