കൊറോണ മൂന്നാം മരണം മുംബൈയില്‍ ; അതീവ ജാഗ്രതയില്‍ രാജ്യം

കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് ഒരു മരണം കൂടി. മുംബൈ കസ്തൂര്‍ബാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 64 കാരനാണ് മരിച്ചത്. ഇയാള്‍ ദുബൈയില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. 128 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരിച്ചയാള്‍ സമ്പര്‍ക്കം നടത്തിയ ആളുകളെയും നിരീക്ഷിക്കുന്നുണ്ട്.

15 സംസ്ഥാനങ്ങളിലാണ് ഇന്ത്യയില്‍ ഇതുവരെ കോവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ന് യു.പിയിലും മഹാരാഷ്ട്രയിലും കര്‍ണ്ണാടകയിലും പുതിയതായി രോഗം സ്ഥിരീകരിച്ചു. താജ്മഹല്‍ ഉള്‍പ്പടെയുള്ള എല്ലാ ചരിത്ര സ്മാരകങ്ങളും മാര്‍ച്ച് 31 വരെ അടച്ചു. കൊറോണ ബാധിച്ച് ആദ്യം ഇന്ത്യയില്‍ മരിക്കുന്നത് കര്‍ണാടക സ്വദേശിയായിരുന്നു. പിന്നീട് ഡല്‍ഹി സ്വദേശിയും മരിച്ചു. ഇതിന് പിന്നാലെയാണ് ഇന്ന് മൂന്നാമതൊരാള്‍ കൂടി മരണത്തിന് കീഴടങ്ങിയിരിക്കുന്നത്.

ഒഡീഷയിലെ പുരിയിലും കൊണാര്‍ക്കിലും 144 പ്രഖ്യാപിച്ചു. അഫ്ഗാനിസ്ഥാന്‍ , ഫിലീപ്പീന്‍സ്, മലേഷ്യ എന്നിവടങ്ങളില്‍ നിന്ന് മാര്‍ച്ച് 31 വരെ ഇന്ത്യയിലേക്ക് യാത്രാവിലക്കും ഏര്‍പ്പെടുത്തി. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധന്‍ ഇന്ന് വൈകിട്ട് 6 മണിക്ക് രാഷ്ട്രപതിയെ കാണും.

രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ച 125 പേരില്‍ 22 പേര്‍ വിദേശികളാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉള്ളത്. 39 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച കേരളമാണ് രണ്ടാം സ്ഥാനത്ത്. ഇതില്‍ രണ്ടു പേര്‍ വിദേശികളാണ്. തിങ്കളാഴ്ച പുതുതായി മൂന്ന് പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.