കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ നിരോധനാജ്ഞ ; ഡല്‍ഹിയിലും ലോക് ഡൌണ്‍

കൊറോണ വൈറസ് പടരുന്നതിന്റെ സാഹചര്യത്തില്‍ സി.ആര്‍ പി.സി 114 പ്രകാരം കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കളക്ടര്‍മാരാണ് ഇരു ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കോഴിക്കോട് ഞായറാഴ്ച (മാര്‍ച്ച് 22) മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍വന്നു. എന്നാല്‍ ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ളവയുടെ വില്‍പനകേന്ദ്രങ്ങള്‍ രാവിലെ 10 മണിമുതല്‍ വൈകിട്ട് ഏഴ് മണിവരെ തുറന്ന് പ്രവര്‍ത്തിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

ജനങ്ങള്‍ തിങ്ങിക്കൂടുന്ന പൊതു പരിപടികള്‍, ഉത്സവങ്ങള്‍, ആഘോഷപരിപാടികള്‍, പരീക്ഷകള്‍, മതപരിപാടികള്‍, ആശുപത്രിസന്ദര്‍ശനങ്ങള്‍ തുടങ്ങിയവ നിയന്ത്രിച്ചുകൊണ്ടാണ് ഉത്തരവ്. ഒരിടത്തും അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂടിച്ചേരരുത്. പ്രതിഷേധപ്രകടനങ്ങള്‍ അടക്കം ആളുകൂടുന്ന എല്ലാ പരിപാടികളും വിലക്കിയിട്ടുണ്ട്.

അതേസമയം കൊറോണ പടര്‍ന്ന പിടിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹി അടച്ചു പൂട്ടുന്നു. മാര്‍ച്ച് 23നു രാവിലെ ആറു മുതല്‍ 31ന് അര്‍ധരാത്രി 12 വരെയായിരിക്കും അടച്ചുപൂട്ടലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ അറിയിച്ചു. നിരോധനാജ്ഞക്ക് പുറമേയാണ് കര്‍ശന നിയന്ത്രണം. ഈ കാലയളവില്‍ പൊതുഗതാഗത സംവിധാനങ്ങളൊന്നും ഉണ്ടാകില്ല.

അന്തര്‍സംസ്ഥാന ബസ് സര്‍വീസുകള്‍ക്കും വിലക്കുണ്ട്.ഡല്‍ഹിയിലേക്കുള്ള ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ ഉള്‍പ്പെടെ നിര്‍ത്തിവയ്ക്കുമെന്ന് കെജ്രിവാള്‍ അറിയിച്ചു. അതിര്‍ത്തികള്‍ അവശ്യസര്‍വ്വീസിനൊഴികെ അടച്ചിടും. ഡല്‍ഹിയില്‍ മെട്രോ സര്‍വ്വീസുകള്‍ അടയ്ക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.