മൂന്ന് രൂപയ്ക്ക് അരി , രണ്ട് രൂപയ്ക്ക് ഗോതമ്പ് ; എണ്‍പത് കോടി ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യം ഉറപ്പാക്കുമെന്ന് മന്ത്രി പ്രകാശ് ജാവദേക്കര്‍
രാജ്യം അഭിമുഖീകരിക്കുന്ന വിഷയത്തില്‍ എണ്‍പത് കോടി ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യം ഉറപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍. മൂന്ന് രൂപയ്ക്ക് അരിയും, രണ്ട് രൂപയ്ക്കും ഗോതമ്പും ലഭ്യമാക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്ത് 21 ദിവസത്തേക്ക് പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍ സാധാരണ ജീവിതത്തെ ബാധിക്കില്ലെന്ന് മന്ത്രി ഉറപ്പ് നല്‍കി. അവശ്യ സാധനങ്ങളുടെ ലഭ്യതയും ഉറപ്പുവരുത്തിയ മന്ത്രി രാജ്യത്ത് മൂന്ന് രൂപയ്ക്ക് അരിയും രണ്ട് രൂപയ്ക്ക് ഗോതമ്പും ലഭ്യമാക്കുമെന്ന് പറഞ്ഞു. ഇതിന് പുറമെ കരാര്‍ തൊഴിലാളികള്‍ക്ക് വേതനം നല്‍കുമെന്നും മന്ത്രി പറഞ്ഞു. കൈകള്‍ ശുചിയാക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജില്ലാ തലത്തില്‍ കൊവിഡ് ഹെല്‍പ്ലൈന്‍ സജ്ജമാക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ചുള്ള ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. മധുര അണ്ണാനഗര്‍ സ്വദേശിയായ 54 കാരനാണ് മരിച്ചത്. പ്രമേഹ രോഗിയായിരുന്ന ഇയാള്‍ക്ക് ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് 19 ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 12 ആയി.
നേരത്തെ മഹാരാഷ്ട്രയിലും ഡല്‍ഹിയിലും ഓരോരുത്തര്‍ കൊറോണ ബാധിച്ച് മരണപ്പെട്ടിരുന്നു. രാജ്യവ്യാപകമായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 519 ആയി. 40ഓളം പേര്‍ രോഗത്തില്‍ നിന്നും ഇത് വരെ സുഖം പ്രാപിച്ചിട്ടുണ്ട്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം 21 ദിവസം അടച്ചിടുകയാണെന്ന് ഇന്നലെ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. സാമൂഹ്യഅകലം പാലിക്കുക അനിവാര്യമാണെന്നും കൊറോണയെ നേരിടാന്‍ മറ്റുവഴികളില്ലെന്നും ഈ സാഹചര്യത്തില്‍ എല്ലാവരും വീടുകളില്‍ തന്നെ തുടരണമെന്നും മോദി പറഞ്ഞു.