കൊറോണ ; കര്‍ണാടക സ്വദേശി മരിച്ചു ; രാജ്യത്ത് മരിച്ചവരുടെ എണ്ണം 16 ആയി

കൊറോണ വൈറസ് ബാധ മൂലം ഒരു മരണം കൂടി. കര്‍ണാടക സ്വദേശിയുടേതാണ് ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്ത മരണം. ഇതോടെ രാജ്യത്ത് ഇതുവരെ പതിനാറ് പേരാണ് കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത്.ഗുജറാത്തിലെ അഹമ്മദാബാദില്‍ എണ്‍പത്തിയഞ്ചുകാരിയും ഭവ്നഗറില്‍ എഴുപതുകാരനുമാണ് നേരത്തെ മരിച്ചത്. ഇതോടെ ഗുജറാത്തിലെ മരണസംഖ്യ മൂന്നായി ഉയര്‍ന്നു. പുതിയ നാല് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രോഗബാധിതരുടെ എണ്ണം 43 ആയി.

ശ്രീനഗറില്‍ അറുപത്തിയഞ്ചുകാരന്‍ മരിച്ചു. ഗോവയില്‍ ആദ്യമായി പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്ക, സ്പെയിന്‍, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ യാത്ര ചെയ്തവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കൊവിഡ് സംശയിക്കുന്നയാള്‍ മരിച്ചു. പരിശോധനാഫലം കാത്തിരിക്കുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇന്‍ഡോറില്‍ തന്നെ അഞ്ച് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപതായി.

ഉത്തര്‍പ്രദേശില്‍ നാല് പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇവിടെ കൊവിഡ് ബാധിതരുടെ എണ്ണം 42 ആയി. കര്‍ണാടകയിലെ ഉഡുപ്പിയില്‍ അന്‍പത്തിയാറുകാരന്‍ ആത്മഹത്യ ചെയ്തു. കൊവിഡ് ബാധിതനില്‍ നിന്ന് രോഗം പകര്‍ന്നോയെന്ന് സംശയിച്ചാണ് ആത്മഹത്യ. ഛത്തീസ്ഗഡില്‍ ഇതുവരെ ആറ് പേര്‍ക്കും പശ്ചിമബംഗാളില്‍ പത്ത് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

രാജസ്ഥാനില്‍ രണ്ട് പേര്‍ കൂടി രോഗബാധിതരായതോടെ എണ്ണം മുപ്പത്തിയെട്ട് കടന്നു. തെലങ്കാനയില്‍ കൊവിഡ് ബാധിതരുടെ സംഖ്യ നാല്‍പ്പത്തിയൊന്നായി. കേരളത്തില്‍ ഇന്നു 19 പേര്‍ക്കു കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതോടെ സംസ്ഥാനത്തു രോഗം ബാധിച്ചവരുടെ എണ്ണം 138 ആയി.

126 പേരാണ് ചികിത്സയിലുള്ളത്. വയനാട് ജില്ലയില്‍ ആദ്യമായി ഒരാള്‍ക്കു കൊറോണ വൈറസ് സ്ഥിരീകരിച്ചു.
കണ്ണൂര്‍-9,
കാസര്‍കോട്-3,
മലപ്പുറം-3,
തൃശൂര്‍-2,
ഇടുക്കി-1 എന്നിവടങ്ങിളിലാണ് മറ്റു രോഗികള്‍.