നിരീക്ഷണത്തിലിരിക്കെ മുങ്ങിയ കൊല്ലം സബ്കലക്ടറെ സസ്‌പെന്‍ഡ് ചെയ്തു

കോവിഡ് 19 നിരീക്ഷണത്തിലിരിക്കെ കാണ്‍പൂരിലേക്ക് മുങ്ങിയ കൊല്ലം സബ്കലക്ടര്‍ അനുപം മിശ്രയെ സസ്‌പെന്‍ഡ് ചെയ്തു. സര്‍ക്കാറിനെ അറിയിക്കാതെയാണ് സബ്കലക്ടര്‍ സംസ്ഥാനം വിട്ടത്. വിദേശത്ത് നിന്ന് മടങ്ങിയെത്തി ഗൃഹനിരീക്ഷണത്തില്‍ കഴിയവെയാണ് കലക്ടര്‍ ക്വാറന്റൈന്‍ ലംഘിച്ച് മുങ്ങിയത്. മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ചാണ് സബ് കലക്ടര്‍ കാണ്‍പൂരിലാണെന്ന് കണ്ടെത്തിയത്.

ക്വാറന്റൈന്‍ ലംഘിച്ചതിന് അനുപം മിശ്രക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കൊല്ലം വെസ്റ്റ് പൊലീസാണ് കേസെടുത്തത്. ജില്ലാ കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു നടപടി. അറിയിക്കാതെ യാത്ര ചെയ്തത് നിയമ വിരുദ്ധമാണെന്ന് ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ വ്യക്തമാക്കിയിരുന്നു. കേസെടുക്കുന്നതിനു പുറമേ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ കൂട്ടിച്ചേര്‍ത്തിരുന്നു. തന്റെ കണ്ണുവെട്ടിച്ചാണ് അനുപം മിശ്ര കടന്നതെന്ന ഗണ്‍മാന്റെ മൊഴി വിശ്വാസ യോഗ്യമല്ലെന്ന് കണ്ടെത്തി അദ്ദേഹത്തിനെതിരെയും നടപടിയെടുക്കാന്‍ സാധ്യതയുണ്ട്.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് നിര്‍ദേശം ലഭിച്ച അന്ന് തന്നെയാണ് അനുപം തിരുവനന്തപുരം വിമാനത്താവളം വഴി കാണ്‍പൂരിലേക്ക് മുങ്ങിയത്. ഫോണിലൂടെ ബന്ധപ്പെട്ട കളക്ടറോട് ബംഗ്ലൂരാണെന്ന് അനുപം നുണ പറയുകയും ചെയ്തു. എന്നാല്‍, ടവര്‍ ലൊക്കേഷന്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹം കാണ്‍പൂരിലാണെന്ന് മനസിലായത്.

എന്നാല്‍ കൂടുതല്‍ സുരക്ഷിതം എന്ന നിലയ്ക്കാണ് നാട്ടിലേക്ക് മാറിയതെന്ന് വിശദീകരണമാണ് അനുപം മിശ്ര നല്‍കുന്നത്. ഔദ്യോഗിക വസതിയില്‍ ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിട്ടുവെന്നും ബന്ധുക്കള്‍ ഒപ്പമില്ലാതിരുന്നതും നാട്ടിലേക്ക് പോകാന്‍ പ്രേരിപ്പിച്ചുവെന്നും സബ് കലക്ടര്‍ പറയുന്നു.

സിംഗപ്പൂരില്‍ നിന്നും ഈ മാസം 19 തിനാണ് കൊല്ലം സബ് കളക്ടറായ അനുപം മിശ്ര ഐഎഎസ് മടങ്ങിയെത്തിയത്. ജോലിയില്‍ പ്രവേശിക്കാന്‍ എത്തിയപ്പോള്‍ നിരീക്ഷണത്തില്‍ പോകാന്‍ ജില്ലാ കളക്ടര്‍ ബി. അബ്ദുള്‍ നാസര്‍ നിര്‍ദ്ദേശിച്ചു. പത്തൊന്‍പതാം തീയതി മുതല്‍ ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തിലായിരുന്നു യുവ ഐഎഎസ് ഉദ്യോഗസ്ഥന്‍.

കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വസതിയില്‍ എത്തിയപ്പോള്‍ അനുപം മിശ്ര അവിടെയുണ്ടായിരുന്നില്ല. ഫോണില്‍ ബന്ധപെട്ടപ്പോള്‍ ബാംഗ്ലൂരിലാണെന്നായിരുന്നു മറുപടി. എന്നാല്‍ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ അനുപം മിശ്ര കാണ്‍പൂരിലാണെന്ന് കണ്ടെത്തി. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയാണ് ഇദ്ദേഹം.