കോട്ടയത്ത് ലോക്ക് ഡൗണ്‍ ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം ; ഗൂഢാലോചന എന്ന് സര്‍ക്കാര്‍
കോട്ടയത്ത് ലോക്ക് ഡൗണ്‍ ലംഘിച്ച് ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങി. കോട്ടയം പായിപ്പാട് ആണ് സംഭവം. നാട്ടിലേയ്ക്ക് പോകാന്‍ വാഹനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ തെരുവിലിറങ്ങിയത്.
ഭക്ഷണം എത്തിച്ചു നല്‍കാന്‍ തൊഴില്‍ ഉടമകള്‍ തയ്യാറാകുന്നില്ലെന്നാണ് ഇവരുടെ ആക്ഷേപം. ദിവസങ്ങളായി ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്നും ആരോപണമുണ്ട്. നാട്ടിലേയ്ക്ക് മടങ്ങി പോകാന്‍ അനുവദിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
ജില്ലാ കളക്ടര്‍ പി കെ സുധീര്‍ ബാബു സ്ഥലത്തെത്തി തൊഴിലാളികളുമായി ചര്‍ച്ച നടത്തി. നിലവിലെ സാഹചര്യത്തില്‍ വാഹനത്തില്‍ തൊഴിലാളികളെ കൊണ്ടുപോകുന്നത് പ്രായോഗികമല്ലെന്നും താമസിക്കുന്ന ക്യാമ്പിലേക്ക് മടങ്ങണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു. തൊഴിലാളികളുടെ ആവശ്യങ്ങള്‍ ഭരണകൂടത്തെ അറിയിക്കാം എന്ന് കളക്ടര്‍ ഉറപ്പുനല്‍കുകയും ചെയ്തു.
അതേസമയം തൊഴിലാളികള്‍ സംഘടിച്ച് തെരുവിലിറങ്ങിയതിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന സംശയം ശക്തമാകുന്നു. തൊഴിലാളികെളെ തെരുവില്‍ ഇറക്കിയതിനു പിന്നില്‍ തീവ്രവാദ സംഘടനയ്ക്ക് ബന്ധമുണ്ടെന്ന് സ്‌പെഷല്‍ ബ്രാഞ്ചും കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ പ്രതിഷേധം അവസാനിപ്പിച്ച് തൊഴിലാളികള്‍ ക്യാമ്പുകളിലേക്ക് മടങ്ങി.
പായിപ്പാട് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ചങ്ങനാശേരി റസ്റ്റ് ഹൗസില്‍ ഉന്നതതലയോഗം ചേര്‍ന്നു. മന്ത്രി പി.തിലോത്തമന്‍, പത്തനംതിട്ട-കോട്ടയം ജില്ലാ കളക്ടര്‍മാര്‍, കോട്ടയം എസ്.പി എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.