കേരളത്തില്‍ ഇന്ന് കൊറോണ ബാധ സ്ഥിതീകരിച്ചത് 32 പേര്‍ക്ക്

ഇന്ന് സംസ്ഥാനത്ത് 32 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 17 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 213 ആയി. ഇന്നത്തെ കണക്ക് പ്രകാരം കാസര്‍ഗോഡ് 17, കണ്ണൂര്‍ 11, വയനാട്, ഇടുക്കി എന്നി ജില്ലകളില്‍ രണ്ട് പേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ ഒരുലക്ഷത്തി അന്‍പത്തി ഏഴായിരത്തി ഇരുന്നൂറ്റി അന്‍പത്തി മൂന്നു പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്.

ഒരുലക്ഷത്തി അന്‍പത്തിആറായിരത്തി അറുനൂറ്റി അറുപത് പേര്‍ വീടുകളിലും 623 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 126 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 6991 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 6031 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനും തീരുമാനമായതായി മുഖ്യമന്ത്രി പറഞ്ഞു.