ഏപ്രില്‍ ഒന്ന് മുതല്‍ സൌജന്യ റേഷന്‍ ; കാര്‍ഡില്ലാത്തവര്‍ ആധാര്‍ കാര്‍ഡിനൊപ്പം സത്യവാങ്മൂലം നല്‍കിയാല്‍ മതി

സംസ്ഥാനത്തെ സൗജന്യ റേഷന്‍ വിതരണം ഏപ്രില്‍ ഒന്നിന് തുടങ്ങുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന്‍. റേഷന്‍ കാര്‍ഡില്‍ പേരില്ലാത്തവര്‍ ആധാര്‍ കാര്‍ഡ് നല്‍കിയാല്‍ അവര്‍ക്കും സൌജന്യ റേഷന്‍ ലഭിക്കും. ദിവസവും ഉച്ച വരെ മുന്‍ഗണനാ വിഭാഗങ്ങള്‍ക്കും ഉച്ചയ്ക്കു ശേഷം മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കുമാകും സൗജന്യ റേഷന്‍ വിതരണമെന്ന് മന്ത്രി പറഞ്ഞു. ഏപ്രില്‍ 20നുള്ളില്‍ വിതരണം പൂര്‍ത്തിയാക്കും. അഞ്ച് പേരില്‍ കൂടുതല്‍ ഒരു സമയത്ത് റേഷന്‍ കടകളില്‍ ഉണ്ടാകാന്‍ പാടില്ല എന്നും മന്ത്രി അറിയിച്ചു.

അന്ത്യോദയ വിഭാഗങ്ങള്‍ക്ക് നിലവില്‍ ലഭിക്കുന്ന 35 കിലോ ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കും. പ്രയോരിറ്റി ഹൗസ് ഹോള്‍ഡ്സ്(പി.എച്ച്.എച്ച്) വിഭാഗത്തില്‍പ്പെട്ട പിങ്ക് കാര്‍ഡ് ഉള്ളവര്‍ക്ക് കാര്‍ഡിലുള്ള ഒരു അംഗത്തിന് അഞ്ചു കിലോ വീതം സൗജന്യ ധാന്യം നല്‍കും. വെള്ള, നീല കാര്‍ഡുകളുള്ള മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് കുറഞ്ഞത് 15 കിലോഗ്രാം ഭക്ഷ്യധാന്യവും ലഭിക്കും.

15 കിലോയില്‍ കൂടുതല്‍ ധാന്യം നിലവില്‍ ലഭിക്കുന്ന നീല കാര്‍ഡ് ഉടമകള്‍ക്ക് അതു തുടര്‍ന്നും ലഭിക്കും. ഏപ്രില്‍ 20ന് മുന്‍പു സൗജന്യ റേഷന്‍ വിതരണം പൂര്‍ത്തിയാക്കും. അതിനു ശേഷമാകും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സൗജന്യ റേഷന്‍ വിതരണമെന്നും മന്ത്രി പറഞ്ഞു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യക്ഷാമം ഉണ്ടാകുന്നത് ഒഴിവാക്കാനായി മൂന്ന് മാസത്തേക്ക് ധാന്യം സംഭരിക്കാന്‍ ശ്രമിക്കുമെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു. ജീവനക്കാരും തൊഴിലാളികളും രാപ്പകല്‍ അദ്ധ്വാനിച്ചാണ് ഇത് നടത്തുന്നത്. 87 ലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.

റേഷന്‍ കടയില്‍ നേരിട്ടെത്താന്‍ കഴിയാത്തവര്‍ക്ക് സന്നദ്ധസേനാ പ്രവര്‍ത്തകര്‍ വീട്ടില്‍ എത്തിച്ച് നല്‍കും. റേഷന്‍ കാര്‍ഡില്ലാത്തവര്‍ ആധാര്‍ കാര്‍ഡും സത്യവാങ്മൂലവും നല്‍കണം. തെറ്റായ സത്യവാങ്മൂലം നല്‍കിയാല്‍ കൈപ്പറ്റുന്ന ധാന്യത്തിന്റെ മാര്‍ക്കറ്റ് വിലയുടെ ഒന്നര ഇരട്ടി പിഴ ഈടാക്കും. എല്ലാവര്‍ക്കും ഏപ്രില്‍ മാസം തന്നെ സൌജന്യകിറ്റും വിതരണം ചെയ്യും. കിറ്റ് ആവശ്യമില്ലാത്തവര്‍ അറിയിക്കണമെന്നും പി തിലോത്തമന്‍ ആവശ്യപ്പെട്ടു.