കൊറോണ ; കേരളത്തിലെ രണ്ടാമത്തെ മരണം തിരുവനന്തപുരത്ത്
കേരളത്തില്‍ വീണ്ടും കോവിഡ് മരണം. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയായ അബ്ദുല്‍ അസീസാണ് മരണപ്പെട്ടത്. 68 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. മൃതദേഹം പൂര്‍ണമായും പ്രോട്ടോകോള്‍ പാലിച്ച് കല്ലൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടത്തി. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് അബ്ദുല്‍ അസീസ്. നേരത്തെ കൊച്ചി ചുള്ളിക്കല്‍ സ്വദേശി യാക്കൂബ് സേഠ് കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചിരുന്നു.
ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ഇന്നലെ തന്നെ മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇദ്ദേഹത്തിന് എങ്ങനെയാണ് കോവിഡ് ബാധിച്ചതെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പും കൃത്യപ്പെടുത്താനായിട്ടില്ല. മരണപ്പെട്ട പോത്തന്‍കോട് സ്വദേശി വീടിനടുത്തുള്ള ചില മരണാനന്തര ചടങ്ങുകളിലും, വിവാഹങ്ങളിലും പ്രാര്‍ത്ഥനാചടങ്ങിലും മാത്രമാണ് ഇയാള്‍ പങ്കെടുത്തിട്ടുള്ളത്.
ഈ മാസം 28 മുതല്‍ ഇദ്ദേഹം ചികിത്സയിലായിരുന്നു. ദീര്‍ഘനാളായി ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും തൈറോയിഡ് സംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു അബ്ദുള്‍ അസീസിന്. കഴിഞ്ഞ 5 ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ചികില്‍സയിലായിരിക്കെ ഇദ്ദേഹത്തിന് കിഡ്നി സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകുകയും തുടര്‍ന്ന് വൃക്കകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും തകരാറിലായതിനാല്‍ ഡയാലിസിസ് തുടങ്ങുകയും ചെയ്തിരുന്നു.