ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒന്‍പത് പേര്‍ക്ക് ; 14 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു
സംസ്ഥാനത്ത് വെള്ളിയാഴ്ച ഒന്‍പതു പേരില്‍ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ മൂന്നു പേര്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയവര്‍ ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴ് പേര്‍ കാസര്‍ഗോഡ് സ്വദേശികളാണ്. തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആകെ 295 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 251 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
14 പേരാണ് സംസ്ഥാനത്ത് ഇന്ന് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്. കണ്ണൂര്‍ അഞ്ച് പേരും കാസര്‍ഗോഡ് മൂന്നുപേരും ഇടുക്കിയിലും കോഴിക്കോടും രണ്ട് പേര്‍ വീതവും പത്തനംതിട്ടയിലും കോട്ടയത്തും ഓരോരുത്തര്‍ വീതവും രോഗം ഭേദമായി ആശുപത്രി വിട്ടു. കൊവിഡ് ബാധിതരെ ചികിത്സിച്ചപ്പോള്‍ വൈറസ് ബാധിച്ച നഴ്സാണ് രോഗം ഭേദമായവരില്‍ ഒരാള്‍. ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികളും വീട്ടിലേക്ക് മടങ്ങിയെന്നതും ആശ്വാസകരമാണ്. ആരോഗ്യ സംവിധാനത്തിന്റെയും പ്രവര്‍ത്തകരുടെയും മികവാണ് ഈ നേട്ടത്തിന് ഇടയാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.