പത്തനംതിട്ട ; കൊറോണ നിരീക്ഷണിത്തിലിരിക്കുന്ന പെണ്‍കുട്ടിയുടെ വീടിന് നേരെ ആക്രമണം

പത്തനംതിട്ടയില്‍ കൊറോണ വൈറസ് നിരീക്ഷണിത്തിലിരിക്കുന്ന പെണ്‍കുട്ടിയുടെ വീടിനു നേരെ ആക്രമണം. കോന്നി തണ്ണിത്തോട്ടിലാണ് സംഭവം. കോയമ്പത്തൂരില്‍ നിന്ന് വന്ന പെണ്‍കുട്ടി നിരീക്ഷണത്തിലായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛനെ ആക്രമിക്കുമെന്ന ഭീഷണിയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.

അതേസമയം പെണ്‍കുട്ടിക്കൊപ്പം ഒരേ കംപാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്ത കോട്ടയം ജില്ലയിലുള്ളവര്‍ വിവരം അറിയിക്കണം എന്ന് നിര്‍ദേശം ഉണ്ട്. കളക്ടറേറ്റിലെ കൊറോണ കണ്‍ട്രോള്‍ റൂമില്‍ (1077) ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

മാര്‍ച്ച് 15ന് രാവിലെ 9.15ന് നിസാമുദ്ദീനില്‍ നിന്ന് പുറപ്പെട്ട മംഗള ലക്ഷദ്വീപ് എക്‌സ്പ്രസിലെ എസ്-9 കോച്ചില്‍ യാത്ര ചെയ്ത പെണ്‍കുട്ടി 17ന് രാവിലെ 11നാണ് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. അന്ന് ഉച്ചകഴിഞ്ഞ് 2.45ന് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ശബരി എക്‌സ്പ്രസിലെ ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്താണ് ചെങ്ങന്നൂരിലെത്തിയത്.