ലോക്ക്‌ഡൌണ്‍ ഒറ്റയടിക്ക് നീക്കില്ല : പൊതുഗതാഗതം പുനഃസ്ഥാപിക്കുന്നത് മെയ് 15 ലേക്ക് നീട്ടാന്‍ സാധ്യത

ലോക്ക്‌ഡൌണ്‍ ഒറ്റയടിക്ക് നീക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായുള്ള വീഡിയോ കോണ്‍ഫറന്‍സിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. അന്തിമ തീരുമാനം ശനിയാഴ്ച് നടക്കുന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിന് ശേഷമുണ്ടാകും. പൊതുഗതാഗതം പുനഃസ്ഥാപിക്കുന്നത് മെയ് 15 ലേക്ക് നീട്ടിവെച്ചേക്കുമെന്നാണ് സൂചന. വിവിധ സംസ്ഥാനങ്ങള്‍ ലോക്‌ഡൌണ്‍ നീട്ടുന്ന കാര്യത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. നിലവിലെ സാഹചര്യം പരിഗണിക്കുമ്പോള്‍ രാജ്യത്ത് സാമൂഹിക അടിയന്തരാവസ്ഥ നിര്‍ബന്ധമാണെന്നും മോദി പറഞ്ഞു.

കോവിഡ് 19 മഹാമാരിയുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ രാജ്യവ്യാപക ലോക്ക്ഡൗണ്‍ ഏപ്രില്‍ 14 ന് ശേഷവും തുടരുമെന്നതിന്റെ സൂചനയാണ് പ്രതിപക്ഷ നേതാക്കളുമായി പ്രധാനമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിന് ശേഷം പുറത്തുവരുന്ന വിവരങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്. കൊറോണയ്ക്കെതിരെയുള്ള പോരാട്ടം രാജ്യത്തെ ഒന്നിപ്പിച്ചുവെന്നും അത് തുടരേണ്ടതുണ്ടെന്നും യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

സംസ്ഥാന മുഖ്യമന്ത്രിമാരുമായി ശനിയാഴ്ച നടത്തുന്ന രണ്ടാം വട്ട വീഡിയോ കോണ്‍ഫറന്‍സിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുക. ലോക്ക്ഡൗണ്‍ നീട്ടണമെന്നാവശ്യപ്പെട്ട് ഒട്ടേറെ സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. നാലാഴ്ചത്തേക്ക് കൂടി നീട്ടാനാണ് ആലോചന. രാഷ്ട്രീയ തീരുമാനം മാത്രം പോരെന്നും വിദഗ്ധരുമായുമായി കൂടിയാലോചന വേണമെന്നും യോഗത്തില്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. രോഗവ്യാപനവും മരണവും കൂടുന്ന സാഹചര്യത്തിലാണ് തീരുമാനം. നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരേണ്ടി വരുമെന്ന് പ്രധാനമന്ത്രി സൂചന നല്‍കി. ലോക്ക്ഡൗണ്‍ ഒന്നിച്ച് പിന്‍വലിക്കുന്ന സാഹചര്യം ഉണ്ടാകില്ല. ഘട്ടംഘട്ടമായായിരിക്കും നിയന്ത്രണങ്ങള്‍ നീക്കുക. അടിസ്ഥാന മേഖലകളിലെ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിച്ച് നിശ്ചലമായ സമ്പദ് വ്യവസ്ഥ ചലിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമെന്നാണ് അറിയുന്നത്. രാജ്യസഭയിലേയും ലോക്‌സഭയിലേയും വിവിധ കക്ഷികളുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളാണ് ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തത്.