കൊറോണ ഭീതിയില്‍ രാജ്യം ; 24 മണിക്കൂറില്‍ 37 മരണം; രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഉയരുന്നു
ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം കൂടുന്നു.രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 896 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് ഒരു ദിവസം ഇത്രയും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇത് ആദ്യമായാണ്. 24 മണിക്കൂറിനുള്ളില്‍ 37 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണ സംഖ്യ 206 ആയി ഉയര്‍ന്നു.
6,761 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 48 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 1,487 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഉത്തരാഖണ്ഡില്‍ രണ്ട് ദിവസത്തിനുള്ളില്‍ ഒരു കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. പശ്ചിമ ബംഗാളില്‍ 12 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപനം തടയാന്‍ ഏപ്രില്‍ 15 വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ച് പഞ്ചാബ് സര്‍ക്കാര്‍. സംസ്ഥാനത്ത് ഏപ്രില്‍ 30 വരെ ലോക്ഡൗണ്‍ നീട്ടാനാണ് അമരീന്ദര്‍ സിങ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പഞ്ചാബില്‍ വൈറസ് വ്യാപനം ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. സംസ്ഥാനത്ത് വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം നൂറ് കടന്നു.
ലോക്ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ച സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് നേരത്തെ അറിയിച്ചിരുന്നു. ലോക്ഡൗണ്‍ എങ്ങനെ വേണമെന്ന് പഠിക്കാന്‍ ഉന്നതാധികാര സമിതിയെ നിയമിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
കൊറോണ വൈറസിനെ നേരിടാന്‍ 15,000 കോടി രൂപ മതിയാവില്ലെന്നും ഇത് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഉന്നയിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ഇന്ത്യയില്‍ സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് വ്യക്തമാക്കി ലോകാരോഗ്യ സംഘടന രംഗത്തെത്തി. സമൂഹവ്യാപനം നടന്നു എന്നതരത്തില്‍ തങ്ങളുടെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയത് അബദ്ധവശാലാണെന്നും ഡബ്ലു.എച്ച്.ഒ വ്യക്തമാക്കി.