ഇന്ത്യയില്‍ കൊറോണ വൈറസ് സമൂഹവ്യാപനം ഇല്ല എന്ന് ലോകാരോഗ്യ സംഘടന
രാജ്യത്ത് ഇതുവരെ കൊറോണ വൈറസിന്റെ സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ല എന്ന് ലോകാരോഗ്യ സംഘടന. രാജ്യത്ത് രോഗവ്യാപനം കൂട്ടമായിട്ടാണെങ്കിലും അത് സാമൂഹിക വ്യാപനമല്ലെന്നു സംഘടന വ്യക്തമാക്കി. നേരത്തെ ഐസിഎംആര്‍ രാജ്യത്ത് കൊവിഡ് സമൂഹവ്യാപന സൂചന നല്‍കിയിരുന്നു. 20 സംസ്ഥാനങ്ങളിലെ 52 ഇടങ്ങളില്‍ സമൂഹവ്യാപനം നടന്നിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. രണ്ടാം ഘട്ട റാന്‍ഡം ടെസ്റ്റിലൂടെയാണ് ഇത് കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ ഐ.സി.എം.ആര്‍ നടത്തിയ പഠനത്തില്‍ സാമൂഹിക വ്യാപന സൂചനകളില്ല എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ രണ്ടാംഘട്ടത്തിലെ പഠനത്തില്‍ സാമൂഹിക വ്യാപന സാധ്യത വെളിവാക്കുന്ന പോസിറ്റീവ് കേസുകളാണ് കണ്ടെത്താന്‍ കഴിഞ്ഞത്.
ഫെബ്രുവരി 15നും ഏപ്രില്‍ രണ്ടിനുമിടയില്‍ 5911 സാമ്പിളുകളാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസേര്‍ച്ച് (ഐ.സി.എം.ആര്‍) ടെസ്റ്റ് ചെയ്തത്. ഇതില്‍ 104 എണ്ണം പോസിറ്റീവ് ആയിരുന്നു. 20 സംസ്ഥാനങ്ങളിലെ 52 ജില്ലകളിലായാണ് ഈ 104 പോസിറ്റീവ് കേസുകള്‍ വ്യാപിച്ച് കിടക്കുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് ലോകാരോഗ്യ സംഘടന രംഗത്തെത്തിയിരിക്കുന്നത്.