കൊറോണ ; കേരളത്തിന് ആശ്വാസവാര്‍ത്ത : ഇന്ന് രോഗം സ്ഥിതീകരിച്ചത് രണ്ട് പേര്‍ക്ക് ; 36 പേരുടെ രോഗം മാറി
സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധ സ്ഥിതീകരിച്ചത് രണ്ടുപേര്‍ക്ക് മാത്രം. കണ്ണൂര്‍, പത്തനംതിട്ട സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേരും വിദേശത്ത് നിന്ന് എത്തിയവരാണ്. 36 പേര്‍ ഇന്ന് രോഗമുക്തരായി. ഇതില്‍ 28 പേര്‍ കാസര്‍കോട് ജില്ലക്കാരാണ്. ഇതോടെ സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 179 ആയി. 194 പേരാണ് ഇനി ചികിത്സയില്‍ ഉള്ളത്. കാസര്‍കോട് 28 പേരുടെയും കണ്ണൂരില്‍ 2 പേരുടെയും മലപ്പുറത്ത് 6 പേരുടെയും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്.
കണ്ണൂരില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചയാള്‍ ദുബൈയില്‍ നിന്നും പത്തനംതിട്ടയിലുള്ളയാള്‍ ഷാര്‍ജയില്‍ നിന്നും വന്നതാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,16,941 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,16,125 പേര്‍ വീടുകളിലും 816 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. രോഗലക്ഷണങ്ങള്‍ ഉള്ള 14,989 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 13,802 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. ഇനി 1187 ഫലങ്ങളാണ് വരാനുള്ളത്.