കമ്മ്യൂണിറ്റി കിച്ചണില്‍ നിന്നും ഈസ്റ്റര്‍ ദിനത്തിലും ഭക്ഷണ പൊതി വിതരണം ചെയ്തു

തലവെടി: അശരണര്‍ക്കും നിരാലംബര്‍ക്കും കമ്മ്യൂണിറ്റി കിച്ചണില്‍ നിന്നും ഭക്ഷണമെത്തിക്കുന്നതിന് ഈസ്റ്റര്‍ തടസ്സമായില്ല. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ആരും പട്ടണി കിടക്കാതിരിക്കനായി സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം തലവെടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ തലവെടി തിരുപനയനൂര്‍ കാവ് ദേവി ക്ഷേത്രത്തില്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്ന കമ്മ്യൂണിറ്റി കിച്ചണില്‍ നിന്നാണ് ഈസ്റ്റര്‍ ദിനത്തിലും ഭക്ഷണ പൊതി വിതരണം ചെയ്തത്. ഈസ്റ്റര്‍ ദിനത്തില്‍ 150 പേര്‍ക്ക് ഭക്ഷണ പൊതി വിതരണം ചെയ്യുന്നതിനാവശ്യമായ ഭക്ഷ്യസാധനങ്ങള്‍സൗഹൃദ വേദി എത്തിച്ചിരുന്നു.

ബ്രഹ്മശ്രീ ആനന്ദന്‍ പട്ടമന നമ്പൂതിരി ആദ്യ പൊതിയിലേക്ക് ഭക്ഷണം വിളമ്പി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജനൂബ് പുഷ്പാകരന്‍, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.കെ. വര്‍ഗ്ഗീസ്, അംഗം അജിത്ത് കുമാര്‍ പിഷാരത്ത്, മണിദാസ്, അനിരുപ് എം, സൗഹൃദ വേദി ചെയര്‍മാന്‍ ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള, സെക്രട്ടറി വിന്‍സണ്‍ പൊയ്യാലുമാലില്‍, ട്രഷറാര്‍ സുരേഷ് പരുത്തിക്കല്‍, സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം സുധീര്‍ കെ.കെ എന്നിവര്‍ ചേര്‍ന്ന് ആണ് ഭക്ഷണം പൊതിയാക്കിയത്.

സി.ഡി.എസ് ചെയര്‍പെഴ്‌സന്‍ രത്‌നമ്മ ഗോപി, കെ.ടി.നന്ദകുമാര്‍ കലവറശേരില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള 6 അംഗ സംഘം പാചകം ചെയ്യുന്ന ഭക്ഷണം സന്നദ്ധ സേന പ്രവര്‍ത്തകര്‍ ആണ് 15 വാര്‍ഡുകളിലും ഭവനത്തിലെത്തി നിരാലംബര്‍ക്ക് നല്കുന്നത്.

കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തിക്കുന്നതിന് തിരുപനയനൂര്‍ കാവ് ദേവി ക്ഷേത്രത്തിന്റെ സകല സൗകര്യങ്ങളും വിട്ടു നല്കിയ ക്ഷേത്ര ഭാരവാഹികളെ പ്രത്യേകം അഭിനന്ദിച്ചു.