കേരളത്തില്‍ ഇന്ന് കൊറോണ സ്ഥിതീകരിച്ചത് മൂന്ന് പേര്‍ക്ക് ; 19 പേര്‍ക്ക് രോഗം ഭേദമായി

സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 19 പേര്‍ ഇന്ന് രോഗമുക്തി നേടിയതായും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ രണ്ടുപേര്‍ക്കും പാലക്കാട് ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ രണ്ടുപേര്‍ക്ക് സമ്പര്‍ക്കത്തില്‍ നിന്നാണ് രോഗം പകര്‍ന്നത്. ഒരാള്‍ വിദേശത്തുനിന്ന് വന്നതാണ്. രോഗമുക്തി നേടിയ 19 പേരില്‍ 12 പേര്‍ കാസര്‍കോട്ടുകാരാണ്.

ഇതുവരെയായി സംസ്ഥാനത്ത് 378 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതില്‍ 178 പേര്‍ നിലവില്‍ ചികിത്സയിലാണ്. 1,12,183 പേരാണ് ഇപ്പോള്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 86 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുന്നു. സംസ്ഥാനത്ത് സുഖപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്നു. എന്നുകരുതി നിയന്ത്രണങ്ങള്‍ ഒഴിവാക്കി കളയാമെന്ന ധാരണ അപകടകരമാണ്. ജാഗ്രതയില്‍ തരിമ്പ് പോലും കുറവ് വരുത്തില്ല. വൈറസിന്റെ വ്യാപനം എവിടെയുണ്ടാകുമെന്ന് പ്രവചിക്കാനാവില്ല എന്നും പിണറായി പറഞ്ഞു.

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും പാലിച്ച് പ്രവാസികളെ തിരിച്ചെത്തിക്കണമെന്നാണ് ആഗ്രഹം. പ്രവാസികളുടെ കാര്യത്തില്‍ സുപ്രീംകോടതി ഇന്ന് നിലപാട് പ്രഖ്യാപിച്ചു. പ്രവാസികള്‍ മടങ്ങിയെത്തുമ്പോള്‍ അവര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കും.

ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തേണ്ടി വരുന്ന പ്രവാസികളുണ്ടെങ്കില്‍ അവരെ സംരക്ഷിക്കാനും പുനരധിവസിപ്പിക്കാനുമുള്ള പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.കോവിഡ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കല്‍ ലക്ഷ്യമിട്ട് നാല് പൊലീസ് സ്റ്റേഷനുകള്‍ നാളെ ആരംഭിക്കും. വയനാട്, ഇടുക്കി, പത്തനംതിട്ട, കാസര്‍കോട് ജില്ലകളിലാണ് ഇവ.