കൊറോണ ഇന്ത്യയില്‍ മരണം 308 ആയി

കേന്ദ്ര ആരോഗ്യ മന്ത്രാലയം ഏറ്റവും ഒടുവില്‍ പുറത്തു വിട്ട റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തുടനീളം കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 9152 ആയി ഉയര്‍ന്നു. ഇതുവരെ 308 പേര്‍ക്ക് ജീവന്‍ നഷ്ടമായി. കേന്ദ്ര ആരോഗ്യ മന്ത്രാലയ0 ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാളാണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്.

‘രാജ്യത്ത് കൊറോണ വൈറസ് ബാധ വര്‍ദ്ധിക്കുകയാണ്. എന്നാല്‍, ഇതില്‍ ശുഭ സൂചകമായ മറ്റൊരു വാര്‍ത്തകൂടിയുണ്ട് . രാജ്യത്തെ 15 സംസ്ഥാനങ്ങളിലായി 25 ജില്ലകളില്‍ കൊറോണ വൈറസ് ബാധ അതി തീവ്രമായിരുന്നു. എന്നാല്‍, ഈ ജില്ലകളില്‍ കഴിഞ്ഞ 14 ദിവസമായി പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതായത്, ഈ ജില്ലകളില്‍ അണുബാധയുടെ വ്യാപനം നിലച്ചു. ഇത് രാജ്യത്തിന് വലുതും ആശ്വാസകരവുമായ വാര്‍ത്തയാണ്’, അദ്ദേഹം പറഞ്ഞു.

അതേസമയം, ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്തെ 400 ജില്ലകളില്‍ ഇതുവരെ കൊറോണ വൈറസ് ബാധിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്. മഹാരാഷ്ട്രയില്‍ ഇതുവരെ 1,982 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 149 പേരാണ് സംസ്ഥാനത്ത് വൈറസ് ബാധ മൂലം മരിച്ചത്.

കോവിഡ് -19 നെതിരെ രാജ്യം നടത്തുന്ന പോരാട്ടത്തില്‍ അയ്യായിരം പേര്‍ സന്നദ്ധപ്രവര്‍ത്തകരായി സേവനം ചെയ്യുന്നുണ്ട്. കൂടാതെ, രാജ്യത്തെ 30 കോടി ജനങ്ങള്‍ക്ക് സാമ്പത്തിക സഹായം കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം നല്‍കിയിട്ടുണ്ട്. രാജ്യത്ത് കൊറോണ ടെസ്റ്റ് കിറ്റുകള്‍ക്ക് യാതൊരു കുറവുമില്ല, അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.