കൊറോണ ; സ്ഥിരീകരിച്ചത് ഒരാള്‍ക്ക് ; ഏഴ് പേര്‍ രോഗമുക്തരായി
സംസ്ഥാനത്ത് ഇന്ന് ഒരു കൊറോണ കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ സ്വദേശിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏഴുപേര്‍ ഇന്ന് രോഗമുക്തി നേടി. ഇതില്‍ നാലുപേര്‍ കാസര്‍കോട്ടും രണ്ടുപേര്‍ കോഴിക്കോട്ടും ഒരാള്‍ കൊല്ലത്തുമാണ്. സംസ്ഥാനത്ത് ഇതുവരെ 218 പേര്‍ക്ക് രോഗം ഭേദമായതായി മുഖ്യമന്ത്രി അറിയിച്ചു.
ഇതുവരെ രോഗം സ്ഥിരീകരിച്ചതില്‍ 264 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. 114 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നു. 522 പേര്‍ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 86 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 16745 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 16002 ഫലം നെഗറ്റീവ് ആണ്.
രാജ്യത്ത് കോവിഡ് 19 രോഗം ഭേദമാകുന്നവര്‍ കൂടുതലും കേരളത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചില കേന്ദ്രങ്ങളില്‍ ഏപ്രില്‍ 20 മുതല്‍ ലോക്ക് ഡൌണ്‍ ഇളവുകള്‍ ലഭിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. കേരളത്തിലെ ഇളവുകള്‍ എങ്ങനെ എന്നത് നാളെ മന്ത്രിസഭ യോഗം തീരുമാനിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.