സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത് 11 പേര്‍ക്ക് ; ഒരാള്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് പതിനൊന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ഏഴ്, കോഴിക്കോട് രണ്ട്, കോട്ടയം ഒന്ന്, മലപ്പുറം ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഒരാളുടെ പരിശോധനാഫലം നെഗറ്റീവായി.ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 11 പേരില്‍ മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്. അഞ്ച് പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. ഒരാള്‍ കോഴിക്കോട് സ്വദേശിനിയായ ആരോഗ്യപ്രവര്‍ത്തകയാണ്.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജന്‍മാരാണ് കൊവിഡ് സ്ഥിരീകരിച്ച മറ്റ് രണ്ട് പേര്‍. ഇവര്‍ കേരളത്തിന് പുറത്തു നിന്ന് വന്നവരാണ്. ട്രെയിനിലാണ് ഇവര്‍ എത്തിയത്.
ഇതുവരെ കോറോണ രോഗം 437 പേര്‍ക്കാണ് സ്ഥിരീകരിച്ചത്. അതില്‍ 127 പേര്‍ ചികിത്സയിലുണ്ട്. ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത് 29,150 പേരാണ് ഇതില്‍ 28,804 പേര്‍ വീടുകളിലാണുള്ളത്. ഇന്ന് 95 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇതുവരെ 20821 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 19998 എണ്ണത്തില്‍ രോഗബാധയില്ലെന്ന് റിപ്പോര്‍ട്ട് വന്നു. അതേസമയം രോഗബാധിതരുടെ എണ്ണത്തിലുണ്ടായ വര്‍ധനവില്‍ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.