കേരളം ; ഇന്ന് മൂന്നു പേര്‍ക്ക് കൂടി കോറോണ സ്ഥിരീകരിച്ചു

കേരളത്തില്‍ മൂന്നു പേര്‍ക്ക് കൂടി കോറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇന്ന് സ്ഥിരീകരിച്ച മൂന്നു പേരും കാസര്‍ഗോഡ് ഉള്ളവരാണ്. കോറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.  കാസര്‍ഗോഡ് ഉള്ളവര്‍ക്ക് സമ്പര്‍ക്കത്തില്‍ നിന്നുമാണ് രോഗം പിടിപെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ ഇന്ന് 15 പേര്‍ രോഗമുക്തരായതായും അദ്ദേഹം പറഞ്ഞു. കാസര്‍ഗോഡ് 5 പേര്‍ക്കും, കൊല്ലത്ത് ഒരാള്‍ക്കും, മലപ്പുറം കണ്ണൂര്‍ പത്തനംതിട്ട എന്നിവിടങ്ങളില്‍ മൂന്നുപേര്‍ക്കുമാണ് ഇന്ന് പരിശോധനാഫലം നെഗറ്റീവായത്.

ഇതുവരെ 450 പേര്‍ക്കാണ് രോഗം ബാധിച്ചത്. അതില്‍ 116 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. മൊത്തം 21,725 പേര്‍ നിരീക്ഷണത്തിലാണ്. ഇന്ന് 144 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 21941 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 20830 പേര്‍ക്ക് നെഗറ്റീവാണ്. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത് കണ്ണൂരിലാണ്.

ഇതിനിടയില്‍ കര്‍ണാടകത്തിലെ കുടകില്‍ നിന്ന് കണ്ണൂരിലേക്ക് കാട്ടിലൂടെ കടന്നെത്തിയ 8 പേരെ കോറോണ കെയര്‍ സെന്ററിലാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. കോറോണ ചികിത്സയിലിരുന്ന നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം വേദനാജനകമെന്നും അദ്ദേഹം പറഞ്ഞു. ഈ ആഴ്ച 56 പേര്‍ ഇങ്ങനെ കുടകില്‍ നിന്നും കാല്‍ നടയായി കണ്ണൂരിലെത്തി. സംസ്ഥാന അതിര്‍ത്തികളില്‍ ഇതു കൊണ്ടാണ് പരിശോധന വ്യാപകമാക്കിയത്, അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ ജാഗ്രത കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് ഇതര രോഗികള്‍ക്ക് ജീവന്‍ രക്ഷാ മരുന്നുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴി എത്തിച്ചു നല്‍കും, തിരുവനന്തപുരം ആര്‍.സി.സിയില്‍ കന്യാകുമാരിയില്‍ നിന്നും മറ്റ് ജില്ലകളില്‍ നിന്നും ചികിത്സക്കെത്തുന്നവരുണ്ട്, തമിഴ്‌നാടിന്റെ സഹകരണത്തോടെ കന്യാകുമാരി ജില്ലാ ആശുപത്രിയില്‍ ചികിത്സ ആരംഭിക്കും. അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ മിഷന് കീഴില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് 15 കോടി രൂപ അനുവദിച്ചു, മൂന്നാറില്‍ റേഷന്‍ വിതരണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പരിശോധന നടത്തി, എ.കെ ത്യാഗരാജന്‍ എന്നയാളെ അറസ്റ്റ് ചെയ്യുകയും കടയുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗള്‍ഫില്‍ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ എംബസികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് പ്രധാനമന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ടു. കോവിഡിനെതിരായ പ്രതിരോധത്തില്‍ കുടുംബശ്രി അംഗങ്ങള്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു. കോവിഡിനെതിരായ പ്രതിരോധത്തില്‍ കുടുംബശ്രി അംഗങ്ങള്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു. ലോക്ഡൗണ്‍ കാലത്ത് സഞ്ചരിക്കുന്ന തപാല്‍ ആപ്പീസുകള്‍ തയ്യാറാക്കി ജീവന്‍ രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെ വിതരണം ചെയ്തു, തപാല്‍ വകുപ്പ് നടത്തിയത് മികച്ച പ്രകടനമെന്നും മുഖ്യമന്ത്രി പറഞ്ഞു.