ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 23000 കടന്നു
ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 24,000ലേക്ക് അടുക്കുന്നു. പോസിറ്റീവ് കേസുകളുടെ എണ്ണം 23,452 ആയി ഉയര്‍ന്നു. ഇതുവരെ 723 പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ 1752 പുതിയ കേസുകളും 37 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹി മാക്സ് ആശുപത്രിയിലെ അഞ്ച് മലയാളി നഴ്‌സുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രാജ്യത്തെ രോഗമുക്തി നിരക്ക് 20.57 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ജോയന്റ് വക്താവ് ലവ് അഗര്‍വാള്‍ പറഞ്ഞു. കഴിഞ്ഞ 28 ദിവസങ്ങളായി 15 ജില്ലകളില്‍നിന്ന് ഒരു കൊവിഡ് കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടാതെ എണ്‍പതിലധികം ജില്ലകളില്‍ പതിനാലുദിവസമായി പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തീവ്ര കൊവിഡ് ബാധിത മേഖലകളായ അഹമ്മദാബാദ്, സൂറത്ത്, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ നാല് നിരീക്ഷക സംഘങ്ങളെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചു. കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും 5000 പരിശോധന വരെയെങ്കിലും പ്രതിദിനം നടത്തണമെന്നും കേന്ദ്രസംഘം പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി.









