ഇന്ത്യന്‍ ദമ്പതികള്‍ ജഴ്സി സിറ്റിയില്‍ മരിച്ച നിലയില്‍
പി.പി. ചെറിയാന്‍
ന്യൂജഴ്സി: ന്യൂജഴ്സി ഇന്ത്യന്‍ റസ്റ്ററന്റ് ഉടമകളായ ഗരിമൊ കോഠാരി (35) മന്‍മോഹന്‍ മല്‍ (37) എന്നിവരെ ഞായറാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയതായി ന്യൂജഴ്സി പൊലീസ് അറിയിച്ചു. ഇവര്‍ ഭാര്യാ ഭര്‍ത്താക്കന്മാരാണെന്നു പൊലീസ് പറഞ്ഞു.
ന്യുക്കഡ റസ്റ്ററന്റ് ഉടമകളായ ഇരുവരുടേയും മൃതദേഹങ്ങള്‍ ഏപ്രില്‍ 26 ഞായറാഴ്ച രാവിലെയാണ് പൊലീസ് കണ്ടെത്തിയത്. കൊല നടത്തിയ ശേഷം ആത്മഹത്യ ചെയ്തതാകാം എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും മനസ്സിലാക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
പാചക കലയില്‍ വിദഗ്ധയായ ഗരിമയാണ് റസ്റ്ററന്റിലെ ചുമതലകള്‍ വഹിച്ചിരുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും മാസ്റ്റര്‍ ബിരുദം നേടിയതിനു ശേഷമാണ് മന്‍മോഹന്‍ അമേരിക്കയിലെത്തുന്നത്. വെടിയേറ്റു മരിച്ച നിലയില്‍ ഭാര്യ ഗരിമോയുടെ മൃതദേഹം താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിലും ഭര്‍ത്താവ് മന്‍മോഹന്റെ മൃതദേഹം ഹഡ്സണ്‍ നദിയിലുമാണ് കണ്ടെത്തിയത്.
സന്തോഷകരമായ ജീവിതമാണ് ജഴ്സി സിറ്റിയിലെ ഹൈ – റയ്സ് (HIGH RISE) അപ്പാര്‍ട്ട്മെന്റില്‍ ഇവര്‍ നയിച്ചിരുന്നതെന്നു കുടുംബാംഗങ്ങള്‍ അറിയിച്ചു. സംഭവത്തെക്കുറിച്ചു വിവരം ലഭിക്കുന്നവര്‍ 201 915 1345 എന്ന നമ്പറില്‍ അറിയിക്കണമെന്നു ഹഡ്സണ്‍ കൗണ്ടി പ്രോസിക്യൂട്ടര്‍ അറിയിച്ചു.