സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് രോഗബാധ ; 10 പേര്‍ക്ക് മുക്തി

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. അതേസമയം 10 പേര്‍ രോഗമുക്തരായി. വൈറസ് ബാധ സ്ഥിരീകരിച്ച 10 പേരില്‍ 6 പേര്‍ കൊല്ലം ജില്ലക്കാരാണ്. തിരുവനന്തപുരം, കാസര്‍ഗോഡ് ജില്ലകള്‍ രണ്ട് പേര്‍ക്ക് വീതം രോഗബാധ സ്ഥിരീകരിച്ചു. കൊല്ലം ജില്ലയില്‍ 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഒരാള്‍ ആന്ധ്രയില്‍ നിന്ന് വന്നു. തിരുവനന്തപുരത്ത് ഒരാള്‍ തമിഴ്‌നാട്ടില്‍ നിന്ന് വന്ന ആളാണ്. കാസര്‍ഗോഡ് ജില്ലയിലെ രണ്ട് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് അസുഖം പകര്‍ന്നത്.

നെഗറ്റീവായവരില്‍ 3 പേര്‍ വീതം കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലും ഒരാള്‍ പത്തനംതിട്ട ജില്ലയിലുമാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകരും ഒരു മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെട്ടിട്ടുണ്ട്. കാസര്‍ഗോഡുള്ള ഒരു ദൃശ്യമാധ്യമപ്രവര്‍ത്തകനാണ് രോഗബാധ സ്ഥിരീകരിച്ചത്.102 ഹോട്‌സ്‌പോട്ടുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. സംസ്ഥാനത്ത് രണ്ട് ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി. ഇടുക്കിയിലെ വണ്ടിപ്പെരിയാറും കാസര്‍ഗോട്ടെ അജാനൂറുമാണ് ഹോട്ട്‌സ്‌പോട്ടുകളായി മാറിയത്. ഇവിടങ്ങളിലെ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തും.

ഇതുവരെ 495 പേര്‍ക്കാണ് സംസ്ഥാനത്ത് അസുഖം സ്ഥിരീകരിച്ചത്. 123 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. 20673 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 20122 പേര്‍ വീടുകളിലും 51 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് മാത്രം 84 പേരെ ആശുപത്രിയിലാക്കി. ഇതുവരെ 24952 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 23880 എണ്ണത്തില്‍ രോഗബാധയില്ലെന്ന് കണ്ടെത്തി. ആരോഗ്യപ്രവര്‍ത്തകര്‍. അതിഥി തൊഴിലാളികള്‍, സാമൂഹ്യ സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ എന്നിവരില്‍ നിന്ന് ശേഖരിച്ച 875 സാമ്പിളുകളില്‍ 801 എണ്ണം നെഗറ്റീവ് ആണ്.