പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ തീയിട്ടുകൊന്നു ; തമിഴ് നാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

തമിഴ്നാട്ടിലെ വില്ലുപുരത്ത് പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ തീ കൊളുത്തി കൊലപ്പെടുത്തി. ജയശ്രീ എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അണ്ണാ ഡിഎംകെ നേതാക്കളായ രണ്ടുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ അച്ഛനും പ്രതികളും തമ്മില്‍ കുടുംബ പ്രശ്നമുണ്ടായിരുന്നുവെന്നും ഇതിന്റെ വൈരാഗ്യമാണ് ഈ കൃത്യം ചെയ്യാനിടയാക്കിയതെന്നുമാണ് പ്രാഥമിക നിഗമനം.

ഇന്നലെ രാവിലെയാണ് ഇരുവരും പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും അവളുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയും ചെയ്തത്. ഈ സമയം പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരുന്ന കുട്ടി ഇന്ന് രാവിലെയാണ് മരണമടഞ്ഞത്. മരിക്കുന്നതിന് മുന്‍പ് രണ്ടു പ്രതികളും തന്റെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചു തീ കത്തിച്ചുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.

കുട്ടിയുടെ പിതാവിന് വീടിന് മുന്നില്‍ ചെറിയ ഒരു കടയുണ്ടായിരുന്നുവെന്നും കട തുറന്ന് സാധനം നല്‍കാത്തതിനാലാണ് പെണ്‍കുട്ടിയെ തീകൊളുത്തിയതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഈ പ്രതികള്‍ എട്ടു വര്‍ഷം മുന്‍പ് പെണ്‍കുട്ടിയുടെ പിതൃ സഹോദരനെ ആക്രമിച്ച കേസിലും കുറ്റവാളികളായിരുന്നു. ഈ കേസിലെ പ്രതികള്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. അതിലുള്ള വൈരാഗ്യമാണോ ഇതെന്നും പൊലീസിന് സംശയമുണ്ട്.