സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു ; രണ്ടുപേര്‍ പോലീസുകാര്‍

dav

കേരളത്തില്‍ ഇന്ന് 10 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. മലപ്പുറം ജില്ലയില്‍ നിന്നുള്ള മൂന്നു പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള രണ്ടു പേര്‍ക്കും കോട്ടയം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്നും മന്ത്രി അറിയിച്ചു.

മലപ്പുറം ജില്ലയില്‍ നിന്നുള്ള ഒരാളും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാളും വയനാടില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ്. ഇവര്‍ക്കും ട്രക്ക് ഡ്രൈവറിലൂടെയാണ് രോഗമുണ്ടായത്. ഇതോടെ ഈ ട്രക്ക് ഡ്രൈവറില്‍ നിന്നും 10 പേര്‍ക്കാണ് രോഗം പടര്‍ന്നത്. അതേസമയം, കൊല്ലം ജില്ലയില്‍ ചികിത്സയിലായിരുന്ന ഒരാളുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്.

490 പേരാണ് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടിയത്. 41 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 34,447 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 33,953 പേര്‍ വീടുകളിലും, 494 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 168 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ കഴിഞ്ഞ ദിവസം വിദേശത്ത് നിന്നും രണ്ട് പേര്‍ ചെന്നൈയില്‍ നിന്നും വന്നതാണ്. നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്.