സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു ; ഒരു മരണം

ഇന്ന് 62 പേര്‍ക്ക് കൂടി സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 33 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 23 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും. തമിഴ്‌നാട് 10, മഹാരാഷ്ട്ര 10, കര്‍ണാടക, ഡല്‍ഹി, പഞ്ചാബ് 1 വീതം. സമ്പര്‍ക്കത്തിലൂടെ ഒരാള്‍ക്കും രോഗമുണ്ടായി. ജയിലില്‍ കഴിയുന്ന രണ്ട് പേര്‍ക്കും ഒരു ആരോഗ്യപ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു. ഇതിനു പുറമേ എയര്‍ ഇന്ത്യയുടെ ക്യാബിന്‍ ക്രൂവിലെ 2 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. അതേസമയം പത്ത് പേരുടെ പരിശോനാഫലം നെഗറ്റീവായി. രോഗം സ്ഥിരീകരിച്ച് കോട്ടയത്ത് ചികില്‍സയിലായിരുന്ന തിരുവല്ല സ്വദേശി ജോഷി മരിച്ചു.

ഇന്ന് പോസിറ്റീവ് ആയ ആളുകള്‍ പാലക്കാട് 14, കണ്ണൂര്‍ 7, തൃശൂര്‍ 6, പത്തനംതിട്ട 6, മലപ്പുറം 5, തിരുവനന്തപുരം 5, കാസര്‍കോട് 4, എറണാകുളം 4, ആലപ്പുഴ 3, വയനാട് 2, കൊല്ലം 2, കോട്ടയം, ഇടുക്കി, കോഴിക്കോട് 1 വീതം. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്‌പെഷന്‍ സബ് ജയിലില്‍ 2 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍ സബ് ജയിലിലും റിമാന്‍ഡ് പ്രതിക്കു രോഗം സ്ഥിരീകരിച്ചിരുന്നു. മൂന്ന് ഇടങ്ങളിലും ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ ജയിലിലും വീട്ടിലുമായി നിരീക്ഷണത്തിലാണ്. പ്രതികള്‍ കഴിഞ്ഞ ബ്ലോക്കിലെ മറ്റ് തടവുകാരെയും നിരീക്ഷിക്കുന്നുണ്ട്. ആകെ 101 ഹോട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്. പുതുതായി 22 എണ്ണം കൂടി ഇന്നുമുതല്‍ നിലവില്‍വന്നു.