കേരളത്തില്‍ ഒരു മരണം കൂടി ; ചികിത്സയിലിരുന്ന കോഴിക്കോട് സ്വദേശിനി മരിച്ചു

കേരളത്തില്‍ കോവിഡ് 19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മാവൂര്‍ സ്വദേശിനി സുലേഖ (52) ആണ് മരിച്ചത്. ഹൃദ്യോഗ ബാധിതയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഈ മാസം 25ന് ഗള്‍ഫില്‍ നിന്നെത്തിയ ഇവരെ രോഗലക്ഷണങ്ങളെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ കേരളത്തില്‍ കൊറോണ വൈറസ് കാരണം മരിച്ചവരുടെ എണ്ണം പത്ത് ആയി.

സുലേഖയുടെ ഭര്‍ത്താവിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം കേരളത്തില്‍ ഇന്ന് 61 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും എറണാകുളം ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.