പോത്തന്‍കോട് പീഡനം ; യുവതി നേരിട്ടത് കൊടിയ ക്രൂരതകള്‍

തിരുവനന്തപുരത്ത് കൂട്ടബലാത്സംഗത്തിനിരയായ യുവതിക്ക് നേരിടേണ്ടിവന്നത് കൊടിയ പീഡനങ്ങള്‍. ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ രണ്ട് പേരാണ് പീഡിപ്പിച്ചത്. കൂടെയുണ്ടായിരുന്ന മകനേയും ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ ഉപദ്രവിച്ചതായി യുവതി മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെ മൂന്ന് മണിക്ക് ബീച്ചിലേക്കെന്ന് പറഞ്ഞാണ് തന്നെയും മകനേയും ഭര്‍ത്താവ് കൊണ്ടുപോയതെന്ന് യുവതി പറഞ്ഞു. ബീച്ചിന് അടുത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്കാണ് കൊണ്ടുപോയത്. അതിന് തൊട്ടു മുന്‍പത്തെ ദിവസവും അവിടെ കൊണ്ടുപോയിരുന്നു. ഒരു അപ്പൂപ്പനും അമ്മൂമ്മയും മാത്രമുള്ള വീട്ടിലേക്കാണ് കൊണ്ടുപോയത്. അവിടെ വെച്ച് ഭര്‍ത്താവ് മദ്യപിച്ചു. എന്നെയും മദ്യം കുടിപ്പിച്ചു. അതുകഴിഞ്ഞ് ഭര്‍ത്താവ് കൂട്ടുകാര്‍ വന്നപ്പോള്‍ അവരുടെ കൂടെ പുറത്ത് പോയി.

കുറച്ചുകഴിഞ്ഞ് അവരില്‍ ഒരാള്‍ മുറിയിലേക്ക് വന്ന് എന്റെ തോളില്‍ പിടിച്ചു. ആ വീട്ടിലെ അമ്മൂമ്മ മോള്‍ വേഗം രക്ഷപ്പെടൂ, അവര് ശരിയല്ലെന്ന് പറഞ്ഞു. അഞ്ച് വയസ്സുള്ള മൂത്ത മകന്‍ എന്റെ ഒപ്പമുണ്ടായിരുന്നു. ഇളയ ആള്‍ ഭര്‍ത്താവിനൊപ്പം പുറത്തുപോയിരുന്നു.

ഞാന്‍ കുഞ്ഞുമായി പുറത്തേക്ക് ഇറങ്ങി. അപ്പോള്‍ സുഹൃത്തുക്കള്‍ വന്ന് ഭര്‍ത്താവ് അവിടെ അടിയുണ്ടാക്കുന്നു, ചേച്ചി ഒന്ന് വരണം എന്ന് പറഞ്ഞു. പുറത്ത് ഒരു വണ്ടിയുണ്ടായിരുന്നു. അതില്‍ എന്നെ പത്തേക്കര്‍ എന്ന സ്ഥലത്തേക്ക് കൊണ്ടുപോയെന്ന് യുവതി പറഞ്ഞു. അവിടെ കൊണ്ടു പോയ ശേഷം കാട്ടിലേക്ക് കൊണ്ടുപോയി അടിക്കുകയും കടിക്കുകയുമൊക്കെ ചെയ്തു. സിഗരറ്റ് കുറ്റികൊണ്ട് തുടയില്‍ പൊള്ളിച്ചു. അപ്പോഴേക്കും എന്റെ ബോധം പോയിരുന്നു. പിന്നെ ബോധം വന്നപ്പോഴേക്കും ചുരിദാറിന്റെ പാന്റൊന്നും കാണുന്നില്ലായിരുന്നു.

മോനെയും അവര് അടിച്ചു. അതോടെ മോനെ ഒന്ന് വീട്ടിലെത്തിക്കണമെന്നും എങ്കില്‍ ഞാന്‍ കൂടെ വരാമെന്നും അവരോട് പറഞ്ഞു. റോഡില്‍ എത്തിയപ്പോള്‍ അവര് വണ്ടിയില്‍ കയറാന്‍ ആവശ്യപ്പെട്ടു. ഞാന്‍ മോനെയും കൂട്ടി ഓടി. ഒരു ബൈക്ക് കണ്ടപ്പോള്‍ കൈ കാണിച്ചു. അയാളാണ് ഒരു വണ്ടിയില്‍ വീട്ടിലെത്തിച്ചത്. പിന്നീട് എന്നെ ആശുപത്രിയിലാക്കി. അപ്പോഴേക്കും എന്റെ ബോധം പോയിരുന്നു. കുറച്ച് കഴിഞ്ഞ് ഭര്‍ത്താവും ഇളയ കുട്ടിയും എത്തി. കേസ് കൊടുക്കരുതെന്ന് പറഞ്ഞു. എന്നെ രക്ഷിച്ച് വീട്ടിലെത്തിച്ചവര്‍ പൊലീസിനെ അറിയിച്ചിരുന്നു. പൊലീസെത്തി ഭര്‍ത്താവിനെ കൊണ്ടുപോയി’.

വീട്ടിലെത്തിയപ്പോള്‍ ഭര്‍ത്താവ് അവിടേയ്ക്ക് എത്തി. പൊലീസില്‍ പരാതി നല്‍കരുതെന്ന് പറഞ്ഞു. ഭര്‍ത്താവ് മുന്‍പും ഉപദ്രവിച്ചിട്ടുണ്ട്. ബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചിരുന്നതാണ്. ഒരു മാസം മുന്‍പാണ് തന്നെ കൂട്ടിക്കൊണ്ടുപോയതെന്നും യുവതി പറഞ്ഞു. ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം യുവതി തിരികെ വീട്ടിലെത്തി. വിശദാംശങ്ങള്‍ ആരാഞ്ഞ് ട്വന്റിഫോര്‍ പ്രതിനിധി വിളിച്ചപ്പോള്‍ സംഭവിച്ച കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ തുറന്നു പറയാന്‍ യുവതി തയ്യാറാകുകയായിരുന്നു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് അടക്കം അഞ്ച് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.