മാസ്കുമില്ല, സാമൂഹ്യ അകലവുമില്ല ; വധൂവരൻമാരുടെ കുടുംബത്തിൽ നിന്ന് പിഴയായി ഈടാക്കിയത് 50,000 രൂപ
ഒഡിഷയിലെ ഗഞ്ചം ജില്ലയിലാണ് സാമൂഹ്യ അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും വിവാഹഘോഷയാത്രയിൽ ആളുകൾ പങ്കെടുത്തത്. നിർദ്ദേശങ്ങൾ പാലിക്കാതിരുന്നവർക്ക് തക്കതായ ശിക്ഷ ഉദ്യോഗസ്ഥർ നൽകുകയും ചെയ്തു. വധൂ, വരൻമാരുടെ കുടുംബങ്ങൾക്ക് 50000 രൂപയാണ് പിഴയായി ചുമത്തിയത്. നിർദ്ദേശങ്ങൾ ലംഘിച്ചതിന് ഇരുകുടുംബങ്ങൾക്കും എതിരെ പൊലീസ് പരാതി രജിസ്റ്റർ ചെയ്തതായി ഹിന്ദു റിപ്പോർട്ട് ചെയ്തു.
വിവാഹഘോഷയാത്ര നടത്തിയ കാർ പ്രാദേശിക ട്രാൻസ്പോർട് ഓഫീസർ പിടിച്ചെടുത്തു. ഒഡിഷയിൽ കോവിഡ് ഏറ്റവും മോശമായി ബാധിക്കപ്പെട്ട ജില്ലയാണ് ഗഞ്ചം. അതുകൊണ്ട് സാമൂഹ്യ അകലം പാലിക്കാൻ കർശന നിർദ്ദേശങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. ജില്ലയിലെ ആകെ കൊറോണ വൈറസ് പോസിറ്റീവ് കേസുകളുടെ എണ്ണം 2000 ആണ്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതേസമയം, സ്വയം ആസ്വദിക്കുന്നത് മറ്റുള്ളവരുടെ ജീവന് ഭീഷണിയാകരുതെന്ന് ജില്ല കളക്ടർ കുറിച്ചു.