പീഡനം ; പ്രതിയായ വൈദികനെ ഓര്‍ത്തഡോക്‌സ് സഭ പുറത്താക്കി

കൗണ്‍സിലിംഗിന്റെ മറവില്‍ ഭര്‍തൃമതിയായ യുവതിയെ പീഡിപ്പിച്ച വൈദികനെതിരെ ഓര്‍ത്തഡോക്‌സ് സഭ പുറത്താക്കി. വയനാട് ബത്തേരി താളൂര്‍ സ്വദേശിയായ ഫാദര്‍ ബാബു വര്‍ഗീസ് പൂക്കോട്ടില്‍നെ വികാരി സ്ഥാനത്തുനിന്ന് നീക്കുകയും പൗരോഹിത്യ അധികാര അവകാശങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുകയും ചെയ്തിരിക്കുന്നതായി സഭ അറിയിച്ചു.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സുല്‍ത്താന്‍ബത്തേരി ഭദ്രാസനത്തിനു കീഴെയുള്ള മാനന്തവാടി കമ്മന സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ വികാരിയായി സേവനമനുഷ്ഠിക്കുകയായിരുന്നു ഫാദര്‍ ബാബു വര്‍ഗീസ് പൂക്കോട്ടില്‍. പൗരോഹിത്യത്തിന് നിരക്കാത്ത രീതിയില്‍ ജീവിക്കുകയും ക്രിമിനല്‍ കേസില്‍ പ്രതിയാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് വൈദികനെ മാറ്റി നിര്‍ത്തുന്നതെന്ന് സഭ അറിയിച്ചു.

കേണിച്ചിറയില്‍ വൈദികന്‍ നടത്തിവന്ന ഡി അഡിക്ഷന്‍ സെന്ററിന് സഭക്കോ ഭദ്രാസനത്തിനോ യാതൊരുവിധ ബന്ധമില്ലെന്നും സഭയുടെ അംഗീകാരമില്ലാതെയാണ് ഈ കേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്ന് ബത്തേരി ഭദ്രാസനാധിപന്‍ എബ്രഹാം മാര്‍ എപ്പിപ്പാനിയോസ് മെത്രപൊലീത്ത അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഭര്‍തൃമതിയായ യുവതിയെ കൗണ്‍സിലിംഗിന്റെ മറവില്‍ ഇദ്ദേഹം പീഡിപ്പിച്ചതായി പരാതി ലഭിച്ചത്. കമ്പളക്കാട് പോലീസ് വൈദികനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് സഭ നടപടികള്‍ സ്വീകരിച്ചത്.