വാതുവെപ്പ് പ്രോത്സാഹിപ്പിക്കുന്നു എന്ന് പരാതി ; ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് പേടിഎം ആപ്പ് നീക്കി

വാതുവെപ്പ് പ്രോത്സാഹിപ്പിക്കുന്നു എന്ന പേരില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും പേടിഎം ആപ്ലിക്കേഷന്‍ ഗൂഗിള്‍ നീക്കം ചെയ്തു. ഗൂഗിള്‍ നിയമാവലിക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ആന്‍ഡ്രോയിഡ് സെക്യൂരിറ്റി ആന്റ് പ്രൈവസി പ്രൊഡക്ട് പ്രസിഡന്റ് സൂസെന്‍ ഫ്രെ ഓണ്‍ലൈന്‍ ചൂതാട്ടത്തിനെതിരെ എഴുതിയ ബ്ലോഗ് വന്നതിന് തൊട്ടുപിന്നാലെയാണ് ഗൂഗിള്‍ പേടിഎമ്മിനെ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തിരിക്കുന്നത്.

ഒരു അപ്ലിക്കേഷന്‍ നയങ്ങള്‍ ലംഘിച്ചാല്‍ ഇക്കാര്യം ഡവലപ്പറെ അറിയിക്കുമെന്നും നിര്‍ദേശം അനുസരിക്കുന്നതു വരെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്ലിക്കേഷന്‍ നീക്കം ചെയ്യുമെന്നും ബ്ലോഗില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, ആപ് പ്ലേ സ്റ്റോറില്‍ ഉടന്‍ തിരിച്ചെത്തുമെന്ന് പേടിഎം അറിയിച്ചു. ഉപഭോക്താക്കളുടെ പണം സുരക്ഷിതമാണെന്നും തുടര്‍ന്നും പേടിഎം ഉപയോഗിക്കാന്‍ കഴിയുമെന്നും ആപ്ലിക്കേഷന്റെ വിശദീകരണത്തില്‍ പറയുന്നു. എന്നാല്‍ ഗൂഗിള്‍ പോളിസി ലംഘനത്തെ കുറിച്ച് വിശദീകരണത്തില്‍ പറയുന്നില്ല എന്നതും ശ്രദ്ധേയമാണ്. പുതിയ ചില അപ്‌ഡേഷനുകളും ഡൗണ്‍ലോഡും നടക്കുന്നതിനാല്‍ പ്ലേ സ്റ്റോറില്‍ ലഭ്യമെന്നാണ് പറഞ്ഞിരിക്കുന്നത്.

പേടിഎമ്മിന്റെ ഫാന്റസി സ്പോര്‍ട്സ് ആണ് ഗൂഗിള്‍ പോളിസിക്ക് എതിരായുള്ളത്. പേടിഎം ഫസ്റ്റ് ഗെയിംസ് എന്ന ആപ്ലിക്കേഷനും നീക്കം ചെയ്തിട്ടുണ്ട്. നേരത്തേ, ഇതുസംബന്ധിച്ച് ഗൂഗിള്‍ പേടിഎമ്മിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് സൂചന. പേടിഎം ഫോര്‍ ബിസിനസ്, പേടിഎം മണി, പേടിഎം മാള്‍ തുടങ്ങിയ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാകും. ഇന്ത്യയില്‍ 50 ദശലക്ഷം ഉപഭോക്താക്കളാണ് പേടിഎമ്മിനുള്ളത്. നിലവില്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്ക് സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും. ആപ്പിള്‍ ആപ് സ്റ്റോറില്‍ ആപ്ലിക്കേഷന്‍ ലഭ്യമാണ്.