കോവിഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം പുനഃരാരംഭിച്ചു
രാജ്യത്ത് കോവിഡ് വാക്സിന്‍ മൂന്നാം ഘട്ട പരീക്ഷണത്തിന് തുടക്കം. അസ്ട്ര സെനക കമ്പനിയുമായി ചേര്‍ന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന ഓക്സ്ഫഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണമാണ് പുനഃരാരംഭിച്ചത്. 200 പേര്‍ക്കാണ് കോവിഡ് വാക്‌സിന്‍ നല്‍കുന്നത്.
അസ്ട്ര സെനക കമ്പനിയുമായി ബ്രിട്ടനില്‍ ക്ലിനിക്കല്‍ പരീക്ഷണത്തിനിടെ അജ്ഞാത രോഗ ലക്ഷണം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യയിലെ പരീക്ഷണവും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നത്. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷം ഡിസിജിഐ പരീക്ഷണം തുടരാന്‍ അനുമതി നല്‍കി. ബ്രിട്ടനില്‍ ഒരാഴ്ച മുന്‍പ് പരീക്ഷണം തുടങ്ങിയിരുന്നു.
ഇന്ത്യയിലെ പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കം വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങള്‍ പരീക്ഷണത്തോട് സഹകരിക്കുന്നുണ്ട്. വാക്സിന്‍ വിജയമായാല്‍ വാങ്ങാന്‍ ഇന്ത്യയും കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. പരീക്ഷണം നിലച്ചതില്‍ ആശങ്കപ്പെടേണ്ടെന്നും സാധാരണ നടപടിക്രമം മാത്രമെന്നും അസ്ട്ര സെനക അറിയിച്ചിരുന്നു. പാര്‍ശ്വഫലമെന്ന് സംശയിക്കുന്ന രോഗം പഠിച്ചശേഷം പരീക്ഷണം തുടരുമെന്നായിരുന്നു കമ്പനി നേരത്തെ നല്‍കിയ വിശദീകരണം.