കൊല്ലത്ത് ഒരു വയസുള്ള കുഞ്ഞിനെ കുളത്തിലെറിഞ്ഞ് കൊല്ലാന്‍ ശ്രമം ; പിതാവ് പിടിയില്‍
ഒരു വയസുള്ള മകനെ കുളത്തിലെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം നിലമേലിനടുത്ത് എലിക്കുന്നാംമുകളില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. എലിക്കുന്നാംമുകള്‍ സ്വദേശി മുഹമ്മദ് ഇസ്മയിലാണ് പൊലീസിന്റെ പിടിയിലായത്. ഭാര്യയുമായി രാത്രിയുണ്ടായ വഴക്കിനെ തുടര്‍ന്നാണ് ഇസ്മയില്‍ കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
കുഞ്ഞിനെ സമീപത്തെ കുളത്തിലേക്ക് ഇസ്മയില്‍ വലിച്ചെറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഭാര്യയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. താമസിച്ചിരുന്ന വീടും ഇസ്മയില്‍ അടിച്ചു തകര്‍ത്തു. തുടര്‍ന്ന് നാട്ടുകാര്‍ തന്നെ ചടയമംഗലം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇസ്മയിലിനെ കസ്റ്റഡിയിലെടുത്തു.ഇന്ന് ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബാലനീതി നിയമപ്രകാരമുള്ള കേസിനൊപ്പം ഇസ്മയിലിനെതിരെ വധശ്രമ കേസും പൊലീസ് ചുമത്തി. കോടതിയില്‍ ഹാജരാക്കിയ ഇസ്മയിലിനെ റിമാന്‍ഡ് ചെയ്തു. കുഞ്ഞിന്റെ നില ഗുരുതരമല്ല എന്നാണ് പോലീസ് പറയുന്നത്.