മകന്റെ തെറ്റിന്റെ ഉത്തരവാദിത്വം അച്ഛനില്‍ കെട്ടിവയ്ക്കേണ്ടതില്ലെന്ന് എല്‍ഡിഎഫ്

സി പി എം പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ അറസ്റ്റില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ ധാര്‍മിക ഉത്തരവാദിത്വം പാര്‍ട്ടിക്കില്ല. പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ കോടിയേരി ബാലകൃഷ്ണന്‍ ഒരുതരത്തിലുള്ള നിയമവിരുദ്ധമായ പ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടിട്ടില്ല. മാത്രമല്ല ആക്ഷേപം ഉയര്‍ന്നുവന്നപ്പോള്‍ തന്നെ കോടിയേരി ബാലകൃഷ്ണന്‍ നിലപാട് വ്യക്തമാക്കിയതാണ്. മകന്റെ തെറ്റിന്റെ ഉത്തരവാദിത്വം അച്ഛനില്‍ കെട്ടിവയ്ക്കുന്ന നീതിബോധം പ്രതിപക്ഷം ഉണ്ടാക്കിവച്ചിരിക്കുന്നതാണ്. അത് അംഗീകരിക്കാനാകില്ലെന്നും എ. വിജയരാഘവന്‍ പറഞ്ഞു.

ബിനീഷ് കോടിയേരി സിപിഐഎമ്മിന്റെ നേതാവല്ല. കോടിയേരി ബാലകൃഷ്ണനാണ് പാര്‍ട്ടി സെക്രട്ടറി. മകന് തെറ്റുവന്നാല്‍ അത് പാര്‍ട്ടിയുടേതല്ല. അത് പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യമല്ല. സിപിഐഎമ്മിന് ഇതില്‍ യാതൊരു ഉത്തരവാദിത്വവുമില്ല. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഇത് എല്‍ഡിഎഫിനെ സംബന്ധിച്ചോ സിപിഐഎമ്മിനെ സംബന്ധിച്ചോ രാഷ്ട്രീയ വിഷയമല്ല. പാര്‍ട്ടിയുടെ വിഷയമല്ല. ശിവശങ്കറിനെ സംബന്ധിച്ച് മുഖ്യമന്ത്രി കാര്യങ്ങള്‍ വ്യക്തമാക്കിയതാണ്. നിയമപരമല്ലാത്ത ഏതെങ്കിലും തരത്തിലുള്ള ഇടപാടുകളുണ്ടെങ്കില്‍ അത് പരിശോധിക്കുകയും അതിന്റെ ശരിതെറ്റുകള്‍ കണ്ടെത്തുകയും ചെയ്യണമെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. തെറ്റായ വഴിക്ക് നീങ്ങിയെന്നതിന്റെ തെളിവ് കിട്ടിയപ്പോള്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തുവെന്നും എ. വിജയരാഘവന്‍ പറഞ്ഞു.

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് രണ്ടാമതും വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു പിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ബിനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നാലുമണിക്കൂറോളം നീണ്ടുനിന്ന ചോദ്യംചെയ്യലിനു ശേഷം ബിനീഷിനെ ഇഡി ഓഫീസില്‍നിന്ന് പുറത്തേക്ക് കൊണ്ടുവരികയും പോലീസ് വാഹനത്തില്‍ കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. നാലു ദിവസത്തേക്ക് ബിനീഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടും. ചോദ്യം ചെയ്യലിന് രാവിലെ 11ഓടെയാണ് ബംഗ്ലൂരിലെ ഇഡി സോണല്‍ ഓഫീസില്‍ ബിനീഷ് എത്തിയത്.