പിറന്നപടി ഓടിയ മിലിന്ദ് സോമന് കയ്യടി ; അല്‍പ വസ്ത്രധാരിണിയായ പൂനത്തിനു എതിരെ കേസ്

രണ്ടു സംഭവങ്ങളും നടന്നിരിക്കുന്നത് ഗോവയില്‍ ആണ്. പൂനം പാണ്ഡെയും മിലിന്ദ് സോമനും. ഇവരുടെ നഗ്‌നതയാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ഒരേപോലുള്ള സംഭവത്തില്‍ വ്യത്യസ്തമായ നടപടി സര്‍ക്കാര്‍ സ്വീകരിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.

പിറന്നാള്‍ ദിനത്തില്‍ ആയിരുന്നു പിറന്ന പടി നഗ്‌നനായി ഓടുന്നതിന്റെ ചിത്രം മിലിന്ദ് സോമന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. വന്‍ കൈയടി ആയിരുന്നു മിലിന്ദ് സോമന്റെ ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. എന്നാല്‍, അതേസമയം അര്‍ദ്ധ നഗ്‌നയായി ഒരു വീഡിയോ ചിത്രീകരിച്ചതിന്റെ പേരില്‍ നടി പൂനം പാണ്ഡെയ്ക്ക് എതിരെ കേസ് തന്നെ രജിസ്റ്റര്‍ ചെയ്തു. പൂനം പാണ്ഡെയെ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

വ്യാഴാഴ്ചയാണ് ഗോവ പൊലീസ് പൂനം പാണ്ഡെയെ കസ്റ്റഡിയില്‍ എടുത്തത്. സര്‍ക്കാര്‍ സ്ഥലത്ത് അതിക്രമിച്ച കയറി അശ്ലീല വീഡിയോ ചിത്രീകരിച്ചതിനാണ് പൂനം പാണ്ഡെയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. അതേസമയം, തെക്കന്‍ ഗോവ ജില്ലയായ കനകോണയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ അനുവദിച്ചെന്ന് ആരോപിച്ച് രണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.

നടനും മോഡലുമായ മിലിന്ദ് സോമന്‍ തന്റെ അമ്പത്തിയഞ്ചാം പിറന്നാള്‍ ദിനത്തില്‍ ഗോവ ബീച്ചില്‍ നഗ്‌നായി ഓടുന്നതിന്റെ ഫോട്ടോ പങ്കുവച്ചതിനു തൊട്ടു പിന്നാലെയാണ് പൂനം പാണ്ഡെയ്ക്ക് എതിരെ നടപടി നേരിടേണ്ടി വന്നത്. നഗ്‌നഫോട്ടോ പങ്കുവച്ച മിലിന്ദ് സോമന് സോഷ്യല്‍ മീഡിയയില്‍ നിരവധി പ്രശംസയാണ് ലഭിച്ചത്. അദ്ദേഹത്തിന്റെ ശാരീരിക ക്ഷമതയെ ആളുകള്‍ പ്രകീര്‍ത്തിച്ചു. എന്നാല്‍, പൂനം പാണ്ഡെയുടെ ചിത്രീകരണം ഇതേ ആളുകളെ പ്രകോപിപ്പിക്കുകയും ചെയ്തു.

കനകോണയിലെ ചാപോളി ഡാമില്‍ നടന്ന ഷൂട്ടിംഗുമായി ബന്ധപ്പെട്ട് പൂനത്തിനും ക്രൂ അംഗങ്ങള്‍ക്കും സംരക്ഷണം നല്‍കിയെന്ന് ആരോപിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇവിടുത്തെ താമസക്കാര്‍ വ്യാഴാഴ്ച നഗരം അടച്ചിടണമെന്ന് ആവശ്യപ്പെട്ടു. അതേസമയം, ഡാം പരിസരത്ത് അതിക്രമിച്ച് കയറിയതിന് പൂനം പാണ്ഡെയ്ക്ക് എതിരെ ബുധനാഴ്ച പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

അതേസമയം, നഗ്‌നത പ്രദര്‍ശിപ്പിച്ച മിലിന്ദ് സോമനോടും പൂനം പാണ്ഡെയോടുമുള്ള വ്യത്യസ്ത നടപടിയില്‍ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തമാണ്. ഒരു പുരുഷന്‍ നഗ്‌നായി ഓടുന്നത് ആഘോഷിക്കുന്നവര്‍ സ്ത്രീ അവളുടെ സ്വന്തം ഇഷ്ടപ്രകാരം വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ പ്രകോപിതരാകുന്നെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ആരോപിക്കുന്നത്. മിലിന്ദിനോടും പൂനത്തിനോടുമുള്ള ഈ വ്യത്യസ്തമായ നിലപാടിനെ ‘സെക്‌സിസം’ എന്ന് വിമര്‍ശിക്കുന്നവരുമുണ്ട്.