യൂറോപ്പില്‍ കത്തോലിക്കാ സഭയില്‍ കൊഴിഞ്ഞുപോക്ക്: കുഞ്ഞാടുകള്‍ക്കു സ്വന്തം കൂടുകെട്ടി കേരളസഭ
സി.വി അബ്രാഹം
സ്വിറ്റസര്‍ലണ്ടില്‍ കത്തോലിക്കാ സഭയില്‍ നിന്നുള്ള കൊഴിഞ്ഞു പോക്കു വീണ്ടും കൂടിക്കൊണ്ടിരിക്കുന്നു. 32000 പേരാണ് കഴിഞ്ഞവര്‍ഷം കത്തോലിക്കാ പള്ളികളില്‍ നിന്നും പുറത്തു പോയത്, മുന്‍ വര്‍ഷത്തെക്കാളും 25 ശതമാനം കൂടുതല്‍. ഇത് സ്വിസ്സിലെ മാത്രം കാര്യമല്ല. ഒട്ടുമിക്ക യൂറോപ്പിലെ രാജ്യങ്ങളിലെ സ്ഥിതിതന്നെയാണ്.
ഈ കാലയളവില്‍ 885 പേര്‍ പുതുതായി കത്തോലിക്കാരായി. പുതുതായി വന്നവരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. ദൈവവിശ്വസം യുക്തിസഹമല്ലെന്നു കരുതുന്നവര്‍ മുതല്‍, പള്ളികളില്‍ നല്‍കേണ്ട ടാക്‌സ്, വിശ്വാസത്തിലെ കൂറു മാറ്റം അങ്ങനെ പല പല കാരണങ്ങളാലാണ് സഭയില്‍ നിന്നും ആളുകള്‍ കൊഴിഞ്ഞു പോകുന്നത്. ചിലര്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ തന്നെ മറ്റു പള്ളികളിലേയ്ക്കു ചേക്കേറിയപ്പോള്‍ കൂടുതല്‍ പേരും സ്വതന്ത്രരായി നില കൊള്ളുവാന്‍ ഇഷ്ടപ്പെടുന്നു.
യൂറോപ്യന്‍ രാജ്യങ്ങളിലെ സാമൂഹിക അഭിവൃദ്ധി, സമത്വം, മതേതര ചിന്ത, മാനവികത, മനുഷ്യാവകാശ കാഴ്ചപാടുകള്‍ അഭയാര്‍ത്ഥികളോടുള്ള മൃദുല സമീപനം തുടങ്ങി എല്ലാത്തിനും കാരണം അവരുടെ ക്രിസ്തുമത വിശ്വാസമായിരുന്നു എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ആ വിശ്വാസത്തില്‍ അടിയുറച്ച് അവര്‍ മാനവികതയുടെ വക്താക്കളായി. മതമല്ല മനുഷ്യനാണ് വലുതെന്ന കാഴ്ചപ്പാടിലേയ്ക്ക് വിശ്വാസം അവരെ കൊണ്ടെത്തിച്ചു. വിശ്വാസിയല്ലാതെയും ധാര്‍മികതയിലും സദാചാരബോധത്തിലും അടിയുറച്ച ഒരു സമൂഹം കെട്ടിപ്പടുക്കുവാനുള്ള അടിത്തറകള്‍ക്ക് അവര്‍ രൂപം കൊടുത്തു. വ്യക്തി സ്വാതന്ത്ര്യത്തിനും, ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും അതിര്‍വരമ്പുകളില്ലാതായി, എല്ലാ ദൈവ ചിഹ്നങ്ങളും വിമര്‍ശിക്കപ്പെട്ടു.
കത്തോലിക്കാ സഭയില്‍ നിന്നുള്ള കൊഴിഞ്ഞു പോക്കു കൊണ്ടു സഭയ്ക്ക് നഷ്ടമുണ്ടണ്ടാകുമെന്നല്ലാതെ സമൂഹത്തില്‍ മറ്റൊരു ചലനവും സംഭവിക്കാന്‍ പോകുന്നില്ല. ഈ പോക്കു തുടര്‍ന്നാല്‍ പല കത്തോലിക്കാ പള്ളികളും അടച്ചു പൂട്ടലിന്റെയും വില്പനയുടെയും സമ്മര്‍ദ്ദത്തിലാവും.
ഈ സാഹചര്യത്തിലാണ് കേരളത്തില്‍ നിന്നും യൂറോപ്പിലെത്തി സ്വന്തം സഭ സ്ഥാപിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന സഭാ നേതൃത്വം ഒരു പുനര്‍വിചിന്തനം നടത്തേണ്ടിയിരിക്കുന്നത്. പുതുതായി കുടിയേറിയ ക്രിസ്ത്യന്‍ സമൂഹം അവരവര്‍ താമസിക്കുന്നിടങ്ങളിലെ തദ്ദേശ ഇടവകകളില്‍ അംഗത്വമെടുക്കുകയും സ്ഥിരമായി ആരാധനാക്രമങ്ങളില്‍ പങ്കെടുക്കുകയും ചെയ്തപ്പോള്‍ പാതി ഒഴിഞ്ഞ കസേരകള്‍ക്കു മുന്‍പില്‍ ബലിയര്‍പ്പിച്ചു പോന്ന വൈദികര്‍ക്കും വിരലിലെണ്ണാന്‍ മാത്രമായി ചുരുങ്ങിയിരുന്ന അവിടങ്ങളിലെ ഇടവകാംഗങ്ങള്‍ക്കും അതൊരു പ്രത്യാശയ്ക്കു കാരണമായി. തങ്ങളുടെ ഇടവകകള്‍ വീണ്ടും ജീവന്‍ വയ്ക്കുമെന്നും പള്ളികള്‍ അടച്ചു പൂട്ടല്‍ ഭീഷണിയില്‍ നിന്നും രക്ഷപെടുമെന്നും അവര്‍ പ്രതീക്ഷിച്ചു. പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്കെത്തുന്ന ഇവിടുത്തുകാരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി.
എന്നാല്‍ കേരളത്തില്‍ നിന്നെത്തിയ ക്രിസ്ത്യാനികള്‍ `മണി` കെട്ടിയവരായിരുന്നു. ഒരേ വിശ്വാസം പിന്തുടരുന്ന യൂറോപ്യന്‍ പള്ളികളോടു ചേര്‍ന്നു നില്‍ക്കുന്നതിനു പകരം, സീറോയും, മലങ്കരയും, തോമ്മായും അങ്ങനെ ചേരി തിരിഞ്ഞു സഭാ നേതാക്കള്‍ അവരവരുടെ ആധിപത്യമുറപ്പിക്കാനായി വിശ്വാസികളെ കൂട്ടു പിടിച്ചു. സ്ഥാനമോഹികളായ ചിലരെ കൂടെ കുട്ടി സഭയ്ക്കു വേണ്ടി പ്രത്യേകം ഇടവകകളും പള്ളികളും സ്വന്തമാക്കാന്‍ തയാറെടുത്തു.
എന്തിനു വേണ്ടി!
അടുത്ത ഒന്നല്ലെങ്കില്‍ രണ്ടാം തലമുറയോടെ യൂറോപ്യന്‍ ചിന്താഗതിയില്‍ വളരുന്ന നമ്മുടെ കുട്ടികള്‍ ക്രിസ്ത്യന്‍ സമൂഹത്തിലെ വിഘടനവാദികള്‍ക്ക് പിന്നില്‍ ഉണ്ടാവില്ല. അവരും മതമില്ലാതെയും ജീവിക്കാവുന്ന ഒരു തലത്തിലേയ്ക്ക് വളര്‍ന്നിരിക്കും.
ആഭികാമ്യമായത്; കേരള സമൂഹത്തിലെ ചേരിതിരിവിന്റെ മാറ്റൊലികള്‍ ഇവിടെ പ്രതിഭലിപ്പിക്കാതിരിക്കുകയും, ഇവിടുത്തെ പള്ളികളോടു ചേര്‍ന്നു നിന്നുകൊണ്ട് അവയുടെ നിലനില്‍പ്പ് കുറച്ചു കാലത്തേയ്ക്കു കൂടിയെങ്കിലും സ്ഥിരപ്പെടുത്തുകയെന്നതുമാണ്. ഭവിഷ്യത്തുകള്‍ മുന്നില്‍ കണ്ട് സഭയുടെ നന്മയ്ക്കായി ദൂരവ്യാപകമായ തീരുമാനങ്ങളെടുക്കേണ്ടത് സഭാ നേതൃത്വമാണ്, കുഞ്ഞാടുകള്‍ പിന്നാലെയുണ്ടാവും.