ലവ് ജിഹാദിനു പിന്നാലെ നര്‍ക്കോട്ടിക്ക് ജിഹാദ് ആരോപണവുമായി പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
ലൗ ജിഹാദിനു പുറമെ കേരളത്തില്‍ നാര്‍കോട്ടിക്ക് ജിഹാദും ഉണ്ടെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കുറവിലങ്ങാട് പള്ളിയിലെ എട്ടുനോമ്പ് ആചരണവും ആയി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചത്. സഭയിലെ പെണ്‍കുട്ടികളെ തട്ടിയെടുക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതായി കഴിഞ്ഞ കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ സര്‍ക്കുലറില്‍ ബിഷപ്പ് ആരോപിച്ചിരുന്നു. അതിനു പിന്നാലെയാണ് തുറന്ന് ആരോപണങ്ങളുമായി പാലാ ബിഷപ്പ് രംഗത്ത് വരുന്നത്. പ്രണയത്തെ അല്ല സഭ എതിര്‍ക്കുന്നതെന്ന് ജോസഫ് കല്ലറങ്ങാട്ട് പറയുന്നു. ഇവിടെ പ്രണയമല്ല സംഭവിക്കുന്നത്. പൂര്‍ണ്ണമായും നശിപ്പിക്കുകയാണ് ജിഹാദികളുടെ ലക്ഷ്യം. അമുസ്ലിംകളായ എല്ലാവരെയും നശിപ്പിക്കണം എന്നതാണ് ജിഹാദ് കൊണ്ട് ലക്ഷ്യം വെക്കുന്നത്.
ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളില്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നു എന്നും ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചു. ഇതര മതസ്ഥരായ യുവതികള്‍ ഐ എസ് ക്യാമ്പില്‍ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ മനസിലാകും എന്നാണ് വിശ്വാസികളോട് പാലാ ബിഷപ്പ് പറയുന്നത്. മുന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ വിരമിച്ച സമയത്ത് പുറപ്പെടുവിച്ച ചില പ്രസ്താവനകളും ജോസഫ് കല്ലറങ്ങാട്ട് ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ തീവ്രവാദം ശക്തിപ്പെടുന്നതായും തീവ്രവാദികളുടെ സ്ലീപ്പിങ് സെല്ലുകള്‍ ധാരാളം ഉള്ളതായും ലോക്‌നാഥ് ബഹ്‌റ ആരോപിച്ചിരുന്നു. നാര്‍ക്കോട്ടിക് ജിഹാദ് എന്ന പേരില്‍ ഒരു ബിഷപ്പ് തന്നെ ആരോപണമുന്നയിക്കുന്നത് ആദ്യമാണ്. കത്തോലിക്ക യുവാക്കളില്‍ മയക്ക് മരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ പ്രത്യേകം ശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്നാണ് ബിഷപ്പ് ആരോപിക്കുന്നത്. ഐസ്‌ക്രീം പാര്‍ലറുകള്‍ ഹോട്ടലുകള്‍ തുടങ്ങിയ കേന്ദ്രങ്ങള്‍ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നും പാലാ ബിഷപ്പ് ആരോപിച്ചു. കുട്ടികള്‍ സൗഹൃദം തെരഞ്ഞെടുക്കുന്നത് സര്‍പ്പത്തിന്റെ ജാഗ്രതയോടെ വേണമെന്നും ജോസഫ് കല്ലറങ്ങാട്ട് വിശ്വാസികളോട് ആയി പറയുന്നു.
ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യം ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മാധ്യമപ്രവര്‍ത്തകര്‍ ഇത്തരം വാര്‍ത്തകള്‍ ലഘൂകരിക്കുന്നതിന് പിന്നിലും നിക്ഷിപ്ത താല്‍പര്യമുണ്ടെന്ന് ജോസഫ് കല്ലറങ്ങാട്ട് ആരോപിക്കുന്നു. കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണമെന്നാണ് ബിഷപ്പിന്റെ മുന്നറിയിപ്പ്. ഏറെക്കാലമായി സഭ രഹസ്യമായും വാര്‍ത്താക്കുറിപ്പായും പുറത്തിറക്കിയ ആരോപണങ്ങളാണു ഇപ്പോള്‍ ഒരു ബിഷപ്പ് തന്നെ തുറന്നടിക്കുന്നത്. സംഘടിതമായ ശ്രമം ആണ് കേരളത്തില്‍ ജിഹാദി ഗ്രൂപ്പുകള്‍ നടത്തുന്നതെന്ന് അദ്ദേഹം പറയുന്നു. കേരളത്തില്‍ നിരവധി പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ ജിഹാദിന് ഇരയായിട്ടുണ്ടെന്നും പാലാ ബിഷപ്പ് ആരോപിക്കുന്നു.