ലവ് ജിഹാദും ചര്‍ച്ചകളും

സി. വി. എബ്രഹാം സ്വിറ്റ്സര്‍ലന്‍ഡ്

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി നാലപ്പാട്ട് തറവാട്ടിലെ കമലാദാസിനെ `തട്ട` മിടുവിച്ച കഥ ചിലരുടെയെങ്കിലും ഓര്‍മയിലുണ്ടാവും. ആരുടെയെങ്കിലും നിര്‍ബന്ധത്തിനോ ബോധ്യപ്പെടുത്തലിനോ വഴങ്ങി മറ്റൊരു മതം സ്വീകരിക്കാന്‍ മാത്രം ചഞ്ചല മനസ്‌ക ആയിരുന്നില്ല കമലാ ദാസ് എന്ന മാധവിക്കുട്ടി. അവരെ ഇസ്ലാമിലെത്തിക്കാന്‍, അവരുടെ അറിവില്ലാതെയായിരിക്കണം, വലിയ തുക ചിലവിട്ടിരുന്നു എന്ന് ആ കാലത്തു സംസാരമുണ്ടായിരുന്നു.

ലവ് ജിഹാദ് പരാമര്‍ശം പാലാ ബിഷപ് പ്രസംഗിക്കുന്നതിനും വളരെ മുന്‍പേ സമൂഹത്തില്‍ ഗോപ്യമായി ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണ്. ഈ പരാമര്‍ശം കൊണ്ട് ശരിക്കും അര്‍ത്ഥമാക്കുന്നത് അന്യമതസ്ഥരെ മതം മാറ്റാനുള്ള ലക്ഷ്യത്തോടെ സ്‌നേഹിച്ചു വിവാഹം കഴിക്കുന്നു എന്നതിലേറെ പ്രത്യേക ലക്ഷ്യത്തോടെ സ്‌നേഹിച്ചു മതം മാറ്റി ഇരയുടെ സ്വന്തം കുടുംബവുമായുള്ള ബന്ധം പൂര്‍ണമായി നിഷേധിച്ച്, ഏറ്റവും കുറഞ്ഞത് NIA സാക്ഷ്യപ്പെടുത്തിയിട്ടുള്ള നിരവധി കേസുകളിലെങ്കിലും അവരെ ഭീകരപ്രവര്‍ത്തനത്തിന്റെ മുന്‍നിരപോരാളികളായി സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേയ്ക്കും ഇറാക്കിലേയ്ക്കും ഒക്കെ അയക്കയും ചെയ്ത സാഹചര്യത്തെയാണ്. ഇങ്ങനെ നിര്‍ബന്ധിച്ചു മതം മാറ്റിയെന്ന ആരോപണവുമായി സുപ്രീം കോടതിയില്‍ വരെ കേസിനു പോയ മാതാപിതാക്കളെയും നമ്മള്‍ വാര്‍ത്തകളില്‍ കണ്ടിട്ടുണ്ട്.

പരസ്പരം സ്‌നേഹിക്കാനും ഇഷ്ടമുള്ളവരെ വിവാഹം ചെയ്യാനും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കുകയും ശരിയെന്നു ബോധ്യപ്പെടുന്ന മറ്റൊരു വിശ്വാസത്തിലേക്ക്-മതത്തിലേക്ക് ചുവടു മാറാനുമുള്ള ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തെ ആര്‍ക്കും നിഷേധിക്കാനാവില്ല. മതമേലധ്യക്ഷന്മാരുടെ സ്വാധീനത്തിന്റെ പരിധിയില്‍ വരുന്ന വിഷയമാണിതെന്നു കരുതുന്നതും ശരിയല്ല.

സമൂഹം ഇവിടെ ഭീതിയോടെ കാണുന്നതും പൊതുവേദിയില്‍ ചര്‍ച്ച ചെയ്യാന്‍ ഭയപ്പെട്ടിരുന്നതുമായ ഒരു വിഷയമാണ് ലവ് ജിഹാദ് എന്നതാണ് യാഥാര്‍ഥ്യം. സ്വന്തം മക്കള്‍ മറ്റൊരു മതത്തില്‍ പെട്ടയാളെ വിവാഹം ചെയ്യുകയും അവരുടെ മതത്തിലേയ്ക് ചേരാന്‍ നിര്‍ബന്ധിതരാവുകയും കുടുംബവുമായുള്ള ബന്ധം പൂര്‍ണമായി വിഛേദിക്കപ്പെടുകയും, വളര്‍ത്തി വലുതാക്കിയ ഒരു മകളെ അങ്ങനെ എന്നേയ്ക്കുമായി നഷ്ടപ്പെടുകയും ചെയ്യുമ്പോളാണ് ഇതിനെ ഒരു സാമൂഹീക വിപത്തായി നാം വിലയിരുത്തേണ്ടത്.

എന്റെ അറിവില്‍, ഇരയുടെ ബന്ധുക്കള്‍ പോലും, സംഭവം നടന്ന് വര്‍ഷങ്ങള്ക്കു ശേഷം മാത്രം വിവരമറിയുന്ന സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. മാനഹാനിയും സമൂഹത്തിലുള്ള അന്തസ്സും നഷ്ടപ്പെടുമെന്നോര്‍ത്ത് പലരും ഇങ്ങനത്തെ വിഷയങ്ങള്‍ മറ്റാരെയുമറിയിക്കാതെ അവരുടെ സ്വന്തം ദുഖങ്ങളുടെ പട്ടികയിലേയ്ക്ക് എഴുതി ചേര്‍ക്കും.

ഈ ദുരവസ്ഥയായിരുന്നു പൊതു സമൂഹം ചര്‍ച്ചചെയ്യേണ്ടതും മാറ്റപ്പെടേണ്ടതും.

പാലാ ബിഷപ്പിന് ഒരു പക്ഷെ ഇങ്ങനെയുള്ള ഒന്നിലധികം സാഹചര്യങ്ങളെപ്പറ്റി അറുവുള്ളതുകൊണ്ടാകാം പള്ളിപ്രസംഗത്തില്‍ അതിനെ പരാമര്‍ശിച്ചത്.

ഒരു മത വിഭാഗത്തെയും പേരെടുത്തു പറയാതുള്ള ഒരു പള്ളി പ്രസംഗത്തിനു തൊട്ടു പിറ്റേന്ന് ഒരു പ്രത്യേക വിഭാഗക്കാര്‍ അതിനെതിരെ പടയൊരുക്കവുമായി ദുരെ സ്ഥലങ്ങളില്‍ നിന്നുമെത്തണമെങ്കില്‍ ആ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ അവരെ പരോക്ഷമായെങ്കിലും അലോസരപ്പെടുത്തിയെന്നു ധരിക്കേണ്ടിയിരിക്കുന്നു. അതായത് അവര്‍ ഇതില്‍ കക്ഷിയാണെന്ന തോന്നല്‍ അവര്‍ക്കുണ്ടായിരുന്നു എന്ന്.

കോഴി കട്ടവന്റെ തലയില്‍ `പപ്പ്`

പള്ളി പ്രസംഗത്തെ രാഷ്ട്രീയക്കാരും പ്രമുഖമാധ്യമങ്ങളുമൊക്കെ വര്‍ഗീയ വിദ്വേഷമുണ്ടാക്കാന്‍ വേണ്ടി കരുതിക്കൂട്ടിയുള്ള ചുവടുവയ്പയായി ചിത്രീകരിക്കുകയും, ഇതിലൂടെ ഉരുത്തിരിഞ്ഞ സാഹചര്യത്തില്‍ നിന്നും രാഷ്ട്രീയ മുതലെടുപ്പിനായി നേതാക്കന്മാര്‍ ശ്രമിക്കയും ചെയ്തതല്ലാതെ, ഇങ്ങനെയൊരു സാഹചര്യം നമ്മുടെ സമൂഹത്തില്‍നിലനില്കുന്നുണ്ടെന്ന് അംഗീകരിക്കാനോ അതിനെപ്പറ്റി ചര്‍ച്ച ചെയ്യാനോ ആരും തയാറായില്ല. മതമേലധ്യ്ക്ഷന്മാര്‍ കുടിയിരുന്നു കണ്ണടച്ചിരുട്ടാക്കിയതുകൊണ്ട് ഈ പ്രശ്‌നം അവസാനിക്കുന്നുമില്ല.

വ്യത്യസ്ത മതങ്ങളില്‍ പെട്ടവര്‍ തമ്മിലുള്ള പ്രേമവിവാഹങ്ങളെ നിരുത്സാഹപ്പെടുത്താനാവില്ല, എന്നാല്‍ അത് മൂലം സ്വന്തം കുടുംബവുമായുള്ള ബന്ധം ഉപേക്ഷിക്കുവാന്‍ നിര്‍ബന്ധിതരാക്കപ്പെടുന്നവരുടെ, അവരുടെ മാതാപിതാക്കളുടെ മനോവ്യഥയ്ക്കാണ് അറുതി വരുത്തേണ്ടത്.

ഉത്തരവാദിത്വപ്പെട്ട, ഒരു മാധ്യമപ്രവര്‍ത്തകരും സാമൂഹിക നേതൃത്വവും ഇതുപോലൊരു സാഹചര്യം നിലനില്‍ക്കുന്നതായി അംഗീകരിക്കുവാന്‍ തയാറാവില്ല, അത് വര്‍ഗീയ ചേരിതിരിവിന് കാരണമാകുമെന്നതുകൊണ്ടു തന്നെ. ഈ വിഷയത്തെപറ്റിയുള്ള പല ആധികാരിക ചര്‍ച്ചകളിലും 7-ആം നൂറ്റാണ്ടു മുതലുള്ള ചരിത്ര പശ്ചാത്തലങ്ങള്‍ വിവരിച്ചു കൊണ്ട് പണ്ടും ഇങ്ങനെയൊക്കെയായിരുന്നെന്നു സമര്‍ത്തിക്കുവാനും, യഥാര്‍ത്ഥ വിഷയവുമായി പുലബന്ധം പോലുമില്ലാത്ത ദിശയിലേയ്ക്കു ചര്‍ച്ചയെ വഴിതിരിച്ചു വിടുവാനും ബോധപൂര്‍വമായ ശ്രമം നടക്കുന്നതായി കാണാന്‍ സാധിക്കും.കലക്കവെള്ളത്തില്‍ നിന്നും മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് എന്തെങ്കിലുമൊക്കെ തടഞ്ഞേക്കാം.

നിബന്ധനകല്‍ വച്ചുള്ള സ്‌നേഹച്ചരടുകള്‍ മുറുകുന്നതിനു മുന്‍പ് പൊട്ടിച്ചെറിയുക മാത്രമാണ് പ്രശ്‌നപ്രശ്‌നപരിഹാരമായി നിര്‍ദ്ദേശിക്കാനുള്ളത്. അതിനു മുന്നിട്ടിറങ്ങേണ്ടത് ഇരകളാവാന്‍ തയാറെടുത്തവരും.