അമ്മ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ശേഷം മരിച്ചു ; അന്ത്യകര്‍മ്മങ്ങളെച്ചൊല്ലി തര്‍ക്കം
മഹാരാഷ്ട്രയിലെ പല്‍ഗഡില്‍ രണ്ട് ദിവസം മുന്‍പാണ് വയോധികയായ അമ്മയുടെ അന്ത്യസംസ്‌കാര ചടങ്ങുകളെ ചൊല്ലി മക്കള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായത്. ഇക്കഴിഞ്ഞ നവംബര്‍ 18നാണ് പല്‍ഗഡ് സ്വദേശിയായ ഫുലായി ധബാഡെ എന്ന 65കാരി മരിച്ചത്. ഹൈന്ദവ വിശ്വസിയായിരുന്ന ഇവര്‍ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിരുന്നു. ഭര്‍ത്താവ് മഹഡുവും ഇളയ മകന്‍ സുധന്‍ എന്നിവരും ഇവര്‍ക്കൊപ്പം മതപരിവര്‍ത്തനം നടത്തി. എന്നാല്‍ മൂത്ത മകന്‍ സുഭാഷ് ഹൈന്ദവ വിശ്വാസിയായി തന്നെ തുടര്‍ന്നു.
എന്നാല്‍ വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഫുലായി മരിച്ചതോടെ അന്ത്യകര്‍മ്മം ഏത് വിശ്വാസപ്രകാരം നടത്തണമെന്നതിനെച്ചൊല്ലി മക്കള്‍ തമ്മില്‍ വാക്കുതര്‍ക്കം ഉടലെടുക്കുകയായിരുന്നു. ക്രിസ്ത്യന്‍ വിശ്വാസപ്രകാരം നടത്തണമെന്ന് ഇളയമകനും ഹൈന്ദവ ആചാരപ്രകാരം ദഹിപ്പിക്കണമെന്ന് മൂത്തമകനും വാശിപിടിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടു പോവുകയായിരുന്നു. പ്രശ്‌നം അറിഞ്ഞ് ആളുകള്‍ ഒത്തുചേര്‍ന്നെങ്കിലും സഹോദരന്മാര്‍ രണ്ടു പേരും വിട്ടുകൊടുക്കാന്‍ തയ്യാറായില്ല.
ഒടുവില്‍ ആരോ പൊലീസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുധീര്‍ സാങ്കെയും നാട്ടുകാരും ചേര്‍ന്ന് കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തി ഒടുവില്‍ ഒരു ഒത്തുതീര്‍പ്പിലെത്തുകയായിരുന്നു. മരണപ്പെട്ട സ്ത്രീ വിശ്വസിച്ചിരുന്ന മതാചാരപ്രകാരം സംസ്‌കാരം നടത്താനായിരുന്നു തീരുമാനം. ഇതനുസരിച്ച് ക്രിസ്തീയ ആചാരപ്രകാരം അന്തിമ ചടങ്ങുകള്‍ നടക്കുകയും ചെയ്തു. തുടര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ നടന്നെങ്കിലും മൂത്തമകന്‍ അമ്മയ്ക്കായി ഒരു പ്രതീക ദഹിപ്പിക്കല്‍ ചടങ്ങ് നടത്തി. അമ്മയുടെ സ്ഥാനത്ത് ഒരു പാവ വച്ചായിരുന്നു ഇയാള്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്.









