മിനി കൂപ്പറില്‍ കാരാട്ട് ഫൈസലിന്റെ വിജയാഘോഷം
കാരാട്ട് ഫൈസലിന്റെ വിജയാഘോഷം പുതിയ മിനി കൂപ്പറില്‍. വിജയത്തിന് പിന്നാലെ പുതിയ മിനി കൂപ്പറില്‍ തന്നെ കയറി നിന്ന് വിജയയാത്ര നടത്തിയാണ് ഫൈസല്‍ വിവാദങ്ങള്‍ക്ക് മറുപടി നല്‍കിയത്. 568 വോട്ട് നേടിയാണ് കൊടുവള്ളി നഗരസഭ 15ാം ഡിവിഷനില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച കാരാട്ട് ഫൈസലിന്റെ വിജയം. മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി കെ.കെ.എ. കാദറാണ് 495 വോട്ടുകള്‍ നേടി ഇവിടെ രണ്ടാം സ്ഥാനത്തെത്തിയത്. എന്‍ഡിഎ സ്ഥാനാര്‍ഥി പി.ടി. സദാശിവന് 50 വോട്ടുകള്‍ ലഭിച്ചു. കാരാട്ട് ഫൈസലിന്റെ അപരനായെത്തിയ സ്വതന്ത്ര സ്ഥാനാര്‍ഥി കെ. ഫൈസലിന് ഏഴു വോട്ടുകള്‍ ലഭിച്ചു.
ആദ്യം എല്‍ഡിഎഫ് പിന്തുണയോടെയാണ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചെങ്കിലും പിന്നീട് സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്തതോടെ ഫൈസലിനുള്ള പരസ്യ പിന്തുണ ഇടതുമുന്നണി പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് ഐഎന്‍എല്‍ നേതാവ് അബ്ദുല്‍ റഷീദിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ഇതോടെ കാരാട്ട് ഫൈസല്‍ അവസാന നിമിഷം സ്വതന്ത്ര സ്ഥാനാര്‍ഥിയായി പത്രിക നല്‍കി. കഴിഞ്ഞ തവണ പറമ്പത്തുകാവില്‍നിന്നാണ് ഫൈസല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ചത്. കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെട്ട മിനി കൂപ്പര്‍ യാത്രാവിവാദം ഈ തെരഞ്ഞെടുപ്പ് കാലത്തും എതിരാളികള്‍ ആയുധമാക്കിയിരുന്നു.
സ്വര്‍ണക്കടത്തുകേസില്‍ ചോദ്യം ചെയ്തതോടെ സിപിഎം ജില്ലാ നേതൃത്വം ശക്തമായ എതിര്‍പ്പുയര്‍ത്തിയിരുന്നു. തുടര്‍ന്ന് സംസ്ഥാന നേതൃത്വം ഇടപെട്ടാണ് ഫൈസലിന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് അബ്ദുല്‍ റഷീദ് പതിയെ പിന്മാറുകയായിരുന്നു. ഫൈസലിന്റെ പ്രചാരണം ഒളിഞ്ഞും തെളിഞ്ഞും നയിച്ചത് പ്രാദേശിക സിപിഎം നേതൃത്വമാണെന്ന് യുഡിഎഫും ബിജെപിയും ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം അവിടെ മത്സരിച്ച എല്‍ഡിഎഫ് ഔദ്യോഗിക സ്ഥാനാര്‍ഥിക്ക് പൂജ്യം വോട്ടുകളാണ് ലഭിച്ചത്.








