തിരുവനന്തപുരം മേയര്‍ ആയി ആര്യ രാജേന്ദ്രന് ; സ്വന്തമാക്കുന്നത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന പദവി
തിരുവനന്തപുരം കോര്പറേഷന് മേയറായി ഇരുപത്തിയൊന്നു വയസ്സുകാരിയായ ആര്യ രാജേന്ദ്രന്. ചുമതല ഏറ്റെടുക്കുന്നതോടെ മേയറാകുന്ന രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന അപൂര്‍വത കൂടിയാണ് ആര്യ സ്വന്തമാക്കുന്നത്. മുടവന്മുകള് വാര്‍ഡില്‍ നിന്നും വിജയിച്ച ആര്യ ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയായിരുന്നു. ഓള് സെയിന്റ്സ് കോളജിലെ ബിഎസ്സി മാത്തമാറ്റിക്സ് വിദ്യാര്‍ത്ഥിനിയാണ് ആര്യ ഇപ്പോള്‍.
2019 ലെ തെരഞ്ഞെടുപ്പില്‍ തെലുങ്കാനയിലെ ജവഹര്‍ നഗര്‍ മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ മേയര്റായ മേഖല കാവ്യ ആയിരുന്നു രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍. ഇരുപത്തിയാറാം വയസിലാണ് കാവ്യ മേയര്‍ പദവിയിലെത്തിയത്. കാവ്യയുടെ ഈ റെക്കോഡാണ് തിരുവനന്തപുരം മേയര്‍ പദവിയില്‍ എത്തുന്നതോടെ ആര്യ രാജേന്ദ്രന് തകര്‍ക്കുന്നത്. തിരുവനന്തപുരത്ത് മുതിര്‍ന്ന സി.പി.എം പ്രതിനിധിയായ ജമീല ശ്രീധര്‍ മേയറാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നതെങ്കിലും നറുക്ക് വീണത് ആര്യയ്ക്കായിരുന്നു.
എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം, സി പി എം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗം, ബാലജനസംഘം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയാണ് ആര്യ
. ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എല്‍ ഐ സി ഏജന്റായ ശ്രീലതയുടേയും മകളാണ് ആര്യ. ‘മുതിര്‍ന്നവരില്‍ നിന്നും വ്യത്യസ്തമായി യുവജനങ്ങള്‍ക്ക് പല കാര്യങ്ങളിലും വ്യത്യസ്തമായ കാഴ്ചപ്പാടുകളുണ്ടാകും. എന്നാല്‍ മുതിര്‍ന്നവരുടെ അനുഭവമാണ് യുവജനങ്ങള്‍ക്ക് കരുത്താകുന്നത്. സാങ്കേതിക രീതികള്‍ ഉപയോഗപ്പെടുത്താന്‍ അറിയുന്നവരാണ് യുവജനങ്ങള്‍ എന്ന പ്രത്യേകതയുമുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ നവമാധ്യങ്ങളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നതും ശ്രദ്ധേയമാണ്. തന്നെ കൂടാതെ നിരവധി യുവാക്കള്‍ വിജയിച്ച് എത്തിയതിനാല്‍ യുവജനങ്ങളുടെ ഒരു കൂട്ടായ്മയും കോര്പറേഷനിലുണ്ടാകുമെന്ന് ആര്യ പറഞ്ഞു.
അച്ഛന് പാര്‍ട്ടി അംഗമായതു മാത്രമല്ല ഇടതുപക്ഷത്തിലേക്ക് തന്നെ അടിപ്പിച്ചതെന്നും ആര്യ പറഞ്ഞു. ‘ഇടതുപക്ഷമാണ് ശരി എന്ന തോന്നലാണ് പാര്‍ട്ടിയോട് അടുപ്പിച്ചത്. കൗണ്‍സിലര്‍ സ്ഥാനത്തിനൊപ്പവും പഠനം മുന്നോട്ട് കൊണ്ടുപോകും. പ്രചാരണ സമയത്ത് വിദ്യാര്‍ത്ഥിനി എന്ന രീതിയില്‍ ഒരു പരിഗണന ലഭിച്ചിരുന്നു. ജയിച്ചു കഴിഞ്ഞാലും പഠനം തുടരണമെന്നാണ് ജനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ആവശ്യപ്പെട്ടത്. സംഘടനാ ചുമതലകള്‍ ഉള്ളപ്പോഴും പഠനം മുന്നോട്ടുകൊണ്ടു പോകാനായി.’ ആര്യ പറഞ്ഞു.