ഭാര്യയെ വെടിവെച്ചു കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു

കാസര്‍കോട് കാനത്തൂര്‍ വടക്കേക്കരയില്‍ ആണ് സംഭവം. ഭാര്യയെ വെടിവെച്ചു കൊന്നശേഷം ഭര്‍ത്താവ് ജീവനൊടുക്കുകയായിരുന്നു. കാനത്തൂര്‍ സ്വദേശി വിജയനും ഭാര്യ ബേബിയുമാണ് മരിച്ചത്.കുടുംബവഴക്കാണ് കൊലക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം. ഭാര്യയെ നിരന്തരമായി ഒരാള്‍ ഫോണ്‍ വിളിച്ച് ശല്യം ചെയ്തിരുന്നതായി വിജയന്‍ പോലീസില്‍ നേരത്തെ പരാതി നല്‍കിയിരുന്നു .

ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഇരുവര്‍ക്കുമിടയില്‍ നിലനിന്നിരുന്നതായും, ഇത് ഒരു പക്ഷെ കൊലയിലേക്ക് നയിച്ചതാകാനാണ് സാധ്യതയെന്നുമാണ് പോലീസ് നല്‍കുന്ന വിവരം.മലയോര കൃഷി മേഖലയായ കാനത്തൂരില്‍ ലൈസന്‍സുള്ള തോക്കുകളും ലൈസന്‍സ് ആവശ്യമില്ലാത്ത തോക്കുകളും ആളുകള്‍ ഉപയോഗിക്കുന്നുണ്ട്. ഭാര്യ ബേബിയെ വെടിവെക്കാന്‍ വിജയന്‍ ഉപയോഗിച്ചത് ലൈസന്‍സ് ഇല്ലാത്ത തോക്കാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.