സംസ്ഥാനത്ത് തരൂര്‍ നിര്‍ണായക റോളിലേക്ക്
സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ശശി തരൂര്‍ എംപിക്ക് നിര്‍ണായക റോള്‍. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കുന്നതിന്റെ ചുമതലയാണ് തരൂരിന് നല്‍കിയിട്ടുള്ളത്. പത്രിക തയ്യാറാക്കാന്‍ കേരളം മുഴുവന്‍ സഞ്ചരിക്കുന്ന തരൂര്‍ യുവാക്കളുമായി സംവദിക്കുന്നുമുണ്ട്. ശനിയാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന തെരഞ്ഞെടുപ്പ മാനേജ്‌മെന്റ് ആന്‍ഡ് സ്ട്രാറ്റജി യോഗത്തില്‍ തരൂര്‍ പങ്കെടുത്തു. ഹൈക്കമാന്‍ഡ് നിരീക്ഷകരായ അശോക് ഗെഹ്ലോട്ട്, താരിഖ് അന്‍വര്‍ എന്നിവര്‍ക്കൊപ്പം ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരും യോഗത്തില്‍ സന്നിഹിതരായിരുന്നു.
ഗ്രൂപ്പുകള്‍ക്ക് അതീതനായ തരൂരിന് കേരളത്തിലെ സാധാരണ പ്രവര്‍ത്തകര്‍ക്കിടയില്‍ സ്വീകാര്യതയുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഗ്രൂപ്പുകളുടെ അതിപ്രസരമുള്ള നേതാക്കള്‍ക്കിടയില്‍ തരൂരിന് എത്രമാത്രം സ്വാധീനം ചെലുത്താനാകും എന്നത് ചോദ്യമായി അവശേഷിക്കുന്നു. ഹൈക്കമാന്‍ഡിന്റെ നേരിട്ടുള്ള താത്പര്യപ്രകാരമാണ് തരൂരിന്റെ നിയമനം. കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കാനുള്ള മേല്‍നോട്ട സമിതിയുടെ ആദ്യയോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായത്. ഹൈക്കമാന്‍ഡ് നിരീക്ഷകന്‍ അശോക് ഗെഹ്ലോട്ടിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.