ട്രാക്റ്റര്‍ സമരം: റിപ്പബ്ലിക്ക് ദിനത്തില്‍ നടന്നത് മുന്‍കൂട്ടി സ്‌ക്രിപ്റ്റ് ചെയ്ത നാടകമോ?

സി.വി എബ്രഹാം, സ്വിറ്റ്‌സര്‍ലന്‍ഡ്

എങ്ങിനെയെങ്കിലും കുറച്ചു രക്തസാക്ഷികളെ ഉണ്ടാക്കിയെടുക്കുകയായിരുന്നോ ട്രാക്റ്റര്‍ റാലിക്കാരുടെ പ്രധാന ലക്ഷ്യമെന്ന് തോന്നുന്ന രീതിയിലായിരുന്നു ഇന്നത്തെ അവരുടെ പ്രകടനം. തികഞ്ഞ അച്ചടക്കത്തോടെ, സംയമനം പാലിച്ചു കൊണ്ട് അവരുടെ പ്രകോപനങ്ങളില്‍ നിന്നും വഴുതിമാറിയ ഡല്‍ഹി പോലീസിന്റെ ഇന്നത്തെ ഇടപെടലിനെ എത്ര അഭിനന്ദിച്ചാലും കുടുതലാവില്ല.

ഹരിത വിപ്ലവത്തിന്റെ ഗുണഭോക്താക്കളായ പഞ്ചാബിലെ ധനിക കര്‍ഷകരായിരുന്നു സമരത്തിനു നേതൃത്വം കൊടുത്തത്

ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളായ കര്‍ഷകരുടെ നിലനില്‍പ്പിനു വേണ്ടിയുള്ള സമരം, ലോകമാധ്യമങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരികയായിരുന്നു സമരക്കാരുടെ മറ്റൊരു ലക്ഷ്യം. എന്നാല്‍ ലക്ഷക്കണക്കിന് ടാക്ടറുകളുമായി സമരമുഖത്തെത്തിയ സമരക്കാരുടെ പ്രകടനത്തില്‍ ദാരിദ്ര്യത്തിന്റെ ലക്ഷണങ്ങളൊന്നും കാണാനില്ലായിരുന്നു.

ട്രാക്റ്ററുകളും കൃപാണും കുറുവടിയും വാളുകളും എല്ലാമായി ഒരു സംഘര്‍ഷത്തിനുള്ള എല്ലാ തയാറെടുപ്പുകളും അവര്‍ നടത്തിയിരുന്നതായി വേണം മനസ്സിലാക്കാന്‍.

മുന്‍ധാരണകളെയൊന്നും മാനിക്കാതെ സമരക്കാര്‍ ട്രാക്റ്ററുകളെ വരെ ആയുധമാക്കിക്കൊണ്ട് അഴിഞ്ഞാടിയപ്പോള്‍ യൂണിയന്‍ നേതാക്കളായി വേഷമിട്ടിരുന്നവര്‍ ഉത്തരവാദിത്വങ്ങളില്‍ നിന്നും കൈയൊഴിഞ്ഞിരുന്നു.

പ്രശ്‌നമുണ്ടാക്കിയവര്‍ അവരുടെ ആള്‍ക്കാരല്ലത്രേ.

ദേശീയ പതാകയുടെ മാനം കാക്കാന്‍ വേണ്ടി അതിര്‍ത്തിയില്‍ ജീവത്യാഗം ചെയ്യാന്‍ നിയോഗിക്കപ്പെട്ട പട്ടാളക്കാര്‍ രാജ്യത്തിന്റെ മഹത്വം വിളിച്ചോതുന്ന റിപ്പബ്ലിക് ഡേ പരേഡില്‍ അണി നിരന്നപ്പോളാണ് ചെങ്കോട്ടയില്‍ കുറെ തെമ്മാടിക്കൂട്ടങ്ങള്‍ ദേശീയ പതാകയെ അപമാനിച്ചത്.

കാര്‍ഷികനിയമത്തില്‍, ആവശ്യപ്പെട്ട എല്ലാ ഭേദഗതികളും നേടിയെടുത്തിട്ടും നിയമം പിന്‍വലിച്ചു തോല്‍വി സമ്മതിച്ചാലേ പിന്‍വാങ്ങുവെന്ന ദുഃശാഢ്യം, ബഹു ഭൂരിപക്ഷത്തോടെരാജ്യം ഭരിക്കുന്ന ഗവണ്‍മെന്റിനോടും അവരെ തിരഞ്ഞെടുത്ത ജനങ്ങളോടുമുള്ള വെല്ലുവിളിയാണ്.

ഇവരെ പിന്നില്‍ നിന്നു പ്രോത്സാഹിച്ച പ്രതിപക്ഷ നേതാക്കള്‍ കാര്യങ്ങള്‍ കൈവിട്ടു പോവുമ്പോള്‍ മുതലക്കണ്ണീരൊഴുക്കിയിട്ടു കാര്യമില്ല. ഈ സമരം ലോക മാധ്യമങ്ങള്‍ ആഘോഷമാക്കുമെന്ന ധാരണ തെറ്റിയിരിക്കുന്നു. കാര്യമായ വാര്‍ത്താ പ്രാധാന്യമൊന്നും ഇന്നത്തെ ആഗോള വാര്‍ത്ത മാധ്യമങ്ങളില്‍ ഉണ്ടായില്ല.

പുതുക്കിയ കാര്‍ഷിക നിയമങ്ങള്‍ ഒരു സാധാരണ കര്‍ഷകനു പ്രതീക്ഷക്കു വക നല്‍കുന്നതാണ്. കോര്‍പറേറ്റുകള്‍ക്കു വേണ്ടി നിന്നുകൊടുക്കാന്‍ താല്പര്യമില്ലാത്ത ധനിക കര്‍ഷകരെ ആരും അതിനു നിര്‍ബന്ധിക്കുന്നില്ല.

എന്നാല്‍ ഒരു സാധാരണ കര്‍ഷകനെ സംബന്ധിച്ചിടത്തോളം കോര്‍പറേറ്റുകള്‍ അവനു സുരക്ഷിതത്വം നല്‍കും.

മാറിയ മാര്‍ക്കറ്റിങ് സമ്പ്രദായം -സൂപ്പര്‍മാര്‍ക്കറ്റുകള്‍- ലോകമെമ്പാടും വിപണത്തിലേര്‍പ്പെട്ടിരിക്കുമ്പോള്‍ , അവര്‍ ആവശ്യപ്പെടുന്ന ഉല്‍പ്പന്നം ഉല്‍പാദിപ്പിച്ചു കൊടുക്കുകയാണ് ഭാവിയില്‍ കര്‍ഷകര്‍ ചെയ്യേണ്ടി വരുക.

ഓരോരുത്തര്‍ക്കും ഇഷ്ടമുള്ളത് ഉല്‍പാദിപ്പിക്കുകയും അതിനൊക്കെ ഗവണ്‍മെന്റില്‍ നിന്നും താങ്ങു വില ചോദിച്ചു വാങ്ങുകയും ചെയ്യുന്ന സമ്പ്രദായം ഇനി അധികകാലം നില നില്‍ക്കില്ല.

ഉപഭോഗ്ത്താക്കളുടെ അഭിരുചികള്‍ നേരിട്ടറിയുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ അവര്‍ക്കു സപ്ലൈ ചെയ്യുന്ന കോര്‍പറേറ്റുകളോട് പറയുന്നതനുസരിച്ചാവും അടുത്ത സീസണില്‍ എന്ത് കൃഷി നടത്തണമെന്ന് കോര്‍പറേറ്റുകള്‍ കൃഷിക്കാരനോടു പറയുന്നത്.

കൂടുതല്‍ വിള തരുന്ന വിത്തും നിയന്ത്രിത അളവിലുള്ള കീട നാശിനികളുമൊക്കെ അവര്‍ നിര്‍ദ്ദേശിക്കും. അങ്ങനെയുള്ള വിളകള്‍ക്കല്ലാതെ ഇനി മാര്‍ക്കറ്റില്‍ പിടിച്ചു നില്‍ക്കാന്‍ സാധ്യമല്ല.

അമിതമായ അളവില്‍ ഉള്ള കീട നാശിനിയുടെ ഉപയോഗം മൂലം ആരോഗ്യപ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ നമുക്കു തമിഴനെ അസഭ്യം പറയാനല്ലാതെ മറ്റൊന്നും ചെയ്യാന്‍ പറ്റുന്നില്ല.

വിദേശ രാജ്യങ്ങളിലേയ്ക്കു കയറ്റി അയക്കുന്ന ഒരു കോര്‍പറേറ്റ് സ്ഥാപനത്തിന് ഉത്തരവാദിത്വങ്ങളില്‍ അങ്ങനെ ഒഴിഞ്ഞു മാറുക അസാധ്യമാണ്. ഇന്ത്യയില്‍ തന്നെ വിദേശ കോര്‍പറേറ്റുകളുടെ മേല്‍നോട്ടത്തില്‍ വിജയകരമായി കൃഷി നടക്കുകയും ധാരാളം കര്‍ഷകരും കര്‍ഷക തൊഴിലാളികളും അതിന്റെ ഗുണം അനുഭവിക്കുകയും ചെയ്യുന്നുണ്ട്.

ഇതൊന്നും മനസ്സിലാക്കാതെയുള്ള ഈ സമരം രാജ്യത്തെ ബഹു ഭൂരിപക്ഷം വരുന്ന സാധാരണ കര്‍ഷകരുടെ നിലനില്‍പ്പിനെ തന്നെ പ്രതികൂലമായി ബാധിക്കുമെന്നതില്‍ സംശയം വേണ്ട.