വിയന്നയിലെ ദൗത്യം പൂര്‍ത്തിയാക്കി ഫാ. തോമസ് പ്രശോഭ് നാട്ടിലേയ്ക്ക്

വിയന്ന: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഓസ്ട്രിയയിലെ ഇടവകയായ മോര്‍ ഇവാനിയോസ് മലങ്കര സിറിയന്‍ കാത്തലിക്ക് മിഷന്റെ പ്രഥമ വികാരിയും ബ്രെറ്റന്‍ഫെല്‍ഡ് പള്ളിയിലെയും നോയെ എര്‍ലാ പള്ളിയിലെയും അസി. വികാരിയുമായിരുന്ന ഫാ. തോമസ് പ്രശോഭ് കൊല്ലിയേലില്‍ ഓ.ഐ.സി ഡോക്ടറല്‍ പഠനവും അജപാലന ശുശ്രഷയും പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്നു. 9 വര്‍ഷകാലം വിയന്നയില്‍ വിവിധ ഇടവകകളിലും സ്ഥാപനങ്ങളിലും സേവനം അനുഷ്ഠിച്ച ഫാ. പ്രശോഭിന് വിശ്വാസസമൂഹം വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കി.

2012 ജനുവരിയില്‍ ഡോക്ടറേറ്റ് പഠനത്തിനായിട്ടാണ് ഫാ. തോമസ് പ്രശോഭ് വിയന്നയിലെത്തിയത്. ബ്രെറ്റന്‍ഫെല്‍ഡിലെ ജര്‍മന്‍ വിശ്വാസസമൂഹത്തിനു സേവനം ചെയ്യുന്നതിനോടൊപ്പം ഓസ്ട്രിയയിലെ മലങ്കര സിറിയന്‍ കത്തോലിക്കരുടെ ചിരകാല സ്വപ്നത്തിന്റെ സാക്ഷാത്കാരമായിരുന്ന മോര്‍ ഇവാനിയോസ് മലങ്കര സിറിയന്‍ കാത്തലിക്ക് മിഷനും സ്ഥാപിച്ചുകൊണ്ടാണ് ഫാ. പ്രശോഭ് ഔദ്യോഗിക ചുമതലകള്‍ ആരംഭിച്ചത്. പൗരസ്ത്യ ഓര്‍ഡിനറിയറ്റിന്റെ പ്രസ്ബിറ്റേറിയല്‍ കൗണ്‍സിലില്‍ അംഗമായിരുന്ന അദ്ദേഹം വിയന്നയില്‍ താമസിക്കുന്ന മലങ്കര സഭാപാരമ്പര്യത്തിലുള്ള കുടുംബങ്ങളെ ഒരുമിച്ചു ചേര്‍ത്താണ് മോര്‍ ഇവാനിയോസ് മലങ്കര സിറിയന്‍ കാത്തലിക്ക് മിഷന്‍ ആരംഭിച്ചത്. തുടര്‍ന്ന് ഫോറാല്‍ബെര്‍ഗിലും ഓസ്ട്രിയയിലെ മറ്റു ഭാഗങ്ങളിലും ഉള്ള മലങ്കര കത്തോലിക്കാ വിശ്വാസികളുടെ അജപാലന കാര്യങ്ങളിലും അദ്ദേഹം ശ്രദ്ധ പതിപ്പിച്ചു. പ്രൊ-ഓറിയന്റെ, മിസ്സിയോ തുടങ്ങിയ എക്യൂമെനിക്കല്‍ പ്രസ്ഥാനങ്ങളുമായുള്ള അദ്ദേഹത്തിന്റെ സഹകരണവും സഭാകാര്യങ്ങളില്‍ വ്യക്തമായ കാഴ്ചപ്പാടുകളും ബോധ്യങ്ങളോടുകൂടെയുള്ള സമീപനങ്ങളും എക്യൂമെനിക്കല്‍ കാര്യങ്ങളില്‍ അദ്ദേഹം എടുത്ത ചുവടുവയ്പ്പുകളും ലത്തീന്‍ ഇടവകയില്‍ ശുശ്രൂഷചെയ്യുന്നതോടൊപ്പം മലങ്കര സിറിയന്‍ കത്തോലിക്കാ സമൂഹത്തെ ഒരു വ്യക്തിഗത ഇടവക ആയി രൂപപ്പെടുത്തിയതും അജപാലനശുശ്രൂഷയില്‍ ഉള്ള തീക്ഷ്ണതയും സഭാധികാരികളുടെ പ്രത്യേക പ്രശംസക്ക് പാത്രമായി.

ഇതിനിടയില്‍ ഫാ. പ്രശോഭ് വിവിധ ജീവകാരുണ്യ, സാമൂഹിക സേവനപദ്ധതികളും ആരംഭിച്ചു. നിര്‍ദ്ധനരായ ചില കുടുംബങ്ങള്‍ക്ക് വീടുവച്ചുനല്‍കുന്നതും പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് നല്‍കുന്നതും ഉള്‍പ്പെടെ കേരളം കടന്നുപോയ വെള്ളപ്പൊക്ക ദുരന്തങ്ങള്‍ക്കിരയായവര്‍ക്ക് സഹായം എത്തിച്ചുനല്കിയതും എല്ലാം ഈ പദ്ധതികളുടെ ഭാഗമായി. പുതിയ രണ്ടു വീടുകളുടെ നിര്‍മ്മാണം ഇപ്പോഴും പുരോഗമിക്കുകയാണ്.

വിയന്ന യൂണിവേഴ്സിറ്റിയില്‍ നിന്നും പ്രൊഫ. ഹാന്‍സ് യുര്‍ഗെന്‍ ഫോയില്‍നേറിന്റെ കീഴില്‍ പൗരസ്ത്യ ആരാധനക്രമ ദൈവശാസ്ത്രത്തില്‍ വിശിഷ്ഠ റാങ്കോടെ അദ്ദേഹം ഡോക്ടറേറ്റ് ബിരുദം കരസ്ഥമാക്കി. ‘മെത്രാന്റെ വിളി: അജഗണങ്ങളുടെ ഐക്യത്തിനായുള്ള രക്തസാക്ഷിത്വം; അന്ത്യോക്യന്‍ ആരാധനക്രമത്തിലെ മെത്രാഭിഷേകശുശ്രൂഷയില്‍ ഉള്ള ആരാധനക്രമ-സഭാശാസ്ത്രം’ എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രബന്ധവിഷയം.

യാത്രയയപ്പ്‌ സമ്മേളനത്തില്‍ ഫാ. പ്രശോഭിന്റെ സേവനങ്ങള്‍ക്കു പുതിയ വികാരി ഫാ. ഷൈജു മാത്യു ഒ.ഐ.സി മലങ്കര സമൂഹത്തിന്റെ പേരില്‍ നന്ദി അറിയിച്ചു. വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ യൂറി കൊളാസ, ആര്‍ഗെ ആഗിന്റെ പ്രതിനിധി അലക്‌സാണ്ടര്‍ ക്രാല്‍ജിക്, മലങ്കരസഭയുടെ യൂറോപ്പ്-ഓഷ്യാനയുടെ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് യൂഹാനോന്‍ മോര്‍ തിയോഡോഷ്യസ്, ബഥനി ആശ്രമം സുപ്പീരിയര്‍ ജനറാള്‍ ഡോ. മത്തായി കടവില്‍ ഒ.ഐ.സി, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍മാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. വിയന്നയിലെ സഭാനേതൃത്വത്തിനും ഇടവകാംഗംങ്ങള്‍ക്കും നന്ദിപറഞ്ഞ ഫാ. പ്രശോഭ് ഓസ്ട്രയയില്‍ നിന്നുലഭിച്ച അറിവും പ്രവൃത്തിപരിചയവും വിവിധ തലങ്ങളില്‍ ഉള്ള നല്ല ബന്ധങ്ങളും സഭയ്ക്കും സമൂഹത്തിനും വേണ്ടി ഉപയോഗിക്കുമെന്ന് കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 7ന് (ഞായര്‍) അദ്ദേഹം കേരളത്തിലേയ്ക്കു മടങ്ങും.

ഫാ. ഡോ. തോമസ് പ്രശോഭുമായി ബന്ധപ്പെടാനുള്ള ഇമെയില്‍: kolliyelil@gmail.com