ഖസാക്കിസ്ഥാനിലെ വത്തിക്കാന്‍ സ്ഥാനപതി നിയുക്ത ആര്‍ച്ചുബിഷപ്പ് ഡോ. ജോര്‍ജ്ജ് പനംതുണ്ടിലിന്റെ മെത്രാഭിഷേക ശുശ്രൂഷകള്‍ സെപ്റ്റംബര്‍ 9ന് റോമില്‍

ജെജി മാത്യു മാന്നാര്‍

റോം: ഖസാക്കിസ്ഥാനിലെ മാര്‍പാപ്പയുടെ സ്ഥാനപതിയായി നിയമിതനായ നിയുക്ത ആര്‍ച്ചുബിഷപ്പ് ഡോ. ജോര്‍ജ്ജ് പനംതുണ്ടിലിന്റെ സ്ഥാനരോഹണ ചടങ്ങുകള്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വച്ച് നടക്കും. സെപ്റ്റംബര്‍ 9ന് (ശനി) വൈകിട്ട് അഞ്ചിന് ചടങ്ങുകള്‍ ആരംഭിക്കും.

വത്തിക്കാനില്‍ നടക്കുന്ന ചടങ്ങില്‍ മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ മുഖ്യ അതിഥിയായിരിക്കും. സഭയിലെ മറ്റ് ബിഷപ്പുമാറം പരിപാടിയില്‍ പങ്കെടുക്കും. വൈദികര്‍, സന്യസ്തര്‍, കേരളത്തില്‍ നിന്നും എത്തുന്ന വിശാസികള്‍, കുടുംബാഗങ്ങള്‍ തുടങ്ങി നിരവധിപേര്‍ ചടങ്ങില്‍ എത്തിച്ചേരും.

സെപ്റ്റംബര്‍ 10ന് (ഞായര്‍) വൈകിട്ട് നാലു മണിയ്ക്ക് അഭിഷികതനാകുന്ന വത്തിക്കാനിലെ സാന്താ മരിയ റെജീന ദേവലായത്തില്‍ വച്ച് ആര്‍ച്ചുബിഷപ്പിന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാന നടക്കും.

മാര്‍ ഈവാനിയോസ് കോളേജിലെ മുന്‍ അദ്ധ്യാപകന്‍ പനംതുണ്ടില്‍ ഡോ. പി.വി. ജോര്‍ജ്ജിന്റെയും മേരിക്കുട്ടി ജോര്‍ജ്ജിന്റെയും മകനായി 1972-ല്‍ തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം പാളയം സമാധാന രാജ്ഞി ബസിലിക്ക ഇടവാംഗമായ അദ്ദേഹം, തിരുവനന്തപുരം നിര്‍മ്മലഭവന്‍ കോണ്‍വെന്റ് സ്‌കൂള്‍, സെന്റ് ജോസഫ്സ് സ്‌കൂള്‍ എന്നിവിടങ്ങളിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം 1987-ല്‍ തിരുവനന്തപുരം അതിരൂപതയുടെ സെന്റ് അലോഷ്യസ് മൈനര്‍ സെമിനാരിയില്‍ വൈദിക പരിശീലനത്തിനായി ചേര്‍ന്നു. തിരുവനന്തപുരം സെന്റ് മേരീസ് മലങ്കര മേജര്‍ സെമിനാരിയില്‍ നിന്നും തത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങള്‍ പൂര്‍ത്തിയാക്കി, 1998-ല്‍ ആര്‍ച്ചുബിഷപ്പ് സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്തായില്‍ നിന്ന് വൈദികപട്ടം സ്വീകരിച്ചു. 1998 മുതല്‍ 2000 വരെ തിരുവനന്തപുരം മേജര്‍ അതിരൂപതയിലെ വിവിധ ഇടവകകളില്‍ സഹവികാരിയായി സേവനം അനുഷ്ഠിച്ചു.

2003-ല്‍ റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കാനന്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടി. 2003-2005 കാലഘട്ടത്തില്‍ റോമിലെ പൊന്തിഫിക്കല്‍ അക്കാഡമിയില്‍ നയതന്ത്രത്തില്‍ പരിശീലനവും 2005-ല്‍ റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റും കരസ്ഥമാക്കി. റോമിലെ ഉന്നതപഠന കാലത്ത് 2000 മുതല്‍ 2005 വരെ ഇറ്റലിയിലെ മിലാന്‍ അതിരൂപതയില്‍ വൈദികശുശ്രൂഷ നിര്‍വ്വഹിച്ചു.

നിലവില്‍ സൈപ്രസിലെ വത്തിക്കാന്‍ കാര്യാലയത്തില്‍ സേവനമനുഷ്ഠിക്കുന്ന അദ്ദേഹം 2003 മുതല്‍ കെനിയ, വത്തിക്കാന്‍, കോസ്റ്ററിക്ക, ഗ്വിനിയ, മാലി, ഇറാക്ക്, ജോര്‍ദ്ദാന്‍ ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലെ വത്തിക്കാന്‍ സ്ഥാനപതി കാര്യാലയങ്ങളില്‍ അംഗമായും സെക്രട്ടറിയായും ജെറുസലേം, ഇസ്രായേല്‍ വത്തിക്കാന്‍ സ്ഥാനപതി കാര്യാലയങ്ങളില്‍ ഉപദേഷ്ടാവായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

മലങ്കര സുറിയാനി കത്തോലിക്കാ സഭയില്‍ നിന്ന് വത്തിക്കാന്‍ അംബാസിഡറായി നിയമിക്കപ്പെടുന്ന പ്രഥമ വൈദികനാണ് നിയുക്ത അപ്പസ്തോലിക് നൂണ്‍ഷ്യോ ഡോ. ജോര്‍ജ്ജ് പനംതുണ്ടില്‍. ചടങ്ങിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ഇറ്റലിയിലെ മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ ഇടവകയുടെ വികാരി ഫാ. ബനഡിക്ട് കുര്യന്‍ അറിയിച്ചു.